Asianet News MalayalamAsianet News Malayalam

'കൊവിഡിന്‍റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രം സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു', പ്രതിഷേധവുമായി ചെന്നിത്തല

'കൊവിഡിന്റെ മറവില്‍ കണ്ണായ പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം വിമാനത്താവളവും അദാനിക്ക് നല്‍കുന്നത്'.

ramesh chennithala against thiruvananthapuram airport privatisation
Author
Thiruvananthapuram, First Published Aug 19, 2020, 7:14 PM IST

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏകപക്ഷീയമായി അദാനി ഗ്രൂപ്പിന് അമ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നതാണ്. അത് തള്ളിയാണ് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നല്‍കിയത്. കൊവിഡിന്റെ മറവില്‍ കണ്ണായ പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം വിമാനത്താവളവും അദാനിക്ക് നല്‍കുന്നത്. ഇത് പ്രതിഷേധാര്‍ഹമായ നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൊവിഡിന്റെ മറവിൽ തന്ത്രപ്രധാനമേഖലകൾ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിനെതിരെ പ്രതിഷേധമുയരണമെന്ന് എ കെ ആന്റണിയും ആവശ്യപ്പെട്ടു. സ്വകാര്യവൽക്കരണത്തിനെതിരെ കടുത്ത പ്രതിഷേധമുയർത്തിയ വിമാനത്താവള ജീവനക്കാർ ഒന്നരവ‌ർഷത്തോളം സമരത്തിലായിരുന്നു. തീരുമാനം പ്രതികൂലമായതോടെ പ്രതിഷേധം ശക്തമാക്കാനാണ് ജീവനക്കാരുടെയും തീരുമാനം. 

രാഷ്ട്രീയമായും നിയമപരമായും സംസ്ഥാനസർക്കാർ ഉയർത്തിയ കടുത്ത എതിർപ്പുകളെ മറികടന്നാണ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്നത്. രണ്ട് വർഷം മുൻപാണ് വിമാനത്താവള സ്വകാര്യവൽക്കരണത്തിന് നീക്കം തുടങ്ങുന്നത്. 2019 ഫെബ്രുവരിയിൽ നടത്തിയ ടെൻഡറിൽ അദാനിയാണ് മുന്നിലെത്തിയത്, സർക്കാരിന് വേണ്ടി പങ്കെടുത്ത കെഎസ്ഐഡിസി രണ്ടാമതായി. അദാനിയെ ഏൽപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് തീരുമാനത്തിൽ നിന്ന് പിൻവാങ്ങണമെന്ന് ആവശ്യമുന്നയിച്ചു. 

സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. രണ്ട് വർഷത്തോളം നീണ്ട അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ സ്വകാര്യവൽക്കരണവുമായി മുന്നോട്ടുപോകാൻ കേന്ദ്രം തീരുമാനിക്കുമ്പോൾ വീണ്ടും പ്രതിഷേധ സ്വരമുയരുകയാണ്. 

Follow Us:
Download App:
  • android
  • ios