Asianet News MalayalamAsianet News Malayalam

"ബാര്‍കോഴ കേസിന് പിന്നിൽ രമേശ് ചെന്നിത്തല": അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേരളാ കോൺഗ്രസ്

ബാര്‍കോഴക്കേസ് കോൺഗ്രസിന്‍റെ സൃഷ്ടിയാണ്. ഉമ്മൻചാണ്ടി അടക്കം നേതാക്കൾക്ക് ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നു എന്നും കേരളാ കോൺഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് 

Ramesh Chennithala behind bar case Kerala Congress  investigation report
Author
Kottayam, First Published Oct 18, 2020, 1:57 PM IST

കോട്ടയം: മുൻ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോൺഗ്രസ്. കെഎം മാണിയെ  കുടുക്കാൻ  രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ്  നേതാക്കളും പിസി ജോർജ്ജും ഗൂഢാലോചന  നടത്തിയെന്നാണ് കേരളാ കോൺഗ്രസ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അടക്കം അറിവുണ്ടായിരുന്നു എന്നും കേരളാ കോൺഗ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്ട്ടിൽ പറയുന്നുണ്ട്.  

ബാര്‍കോഴക്കേസിൽ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കണ്ടെത്തൽ എന്താണെന്ന് പറയാൻ കേരളാ കോൺഗ്രസ് തയ്യാറായിരുന്നില്ല. കെഎം മാണി അടക്കം കേരളാ കോൺഗ്രസ് നേതൃത്വം ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നതും ഇല്ല. യുഡിഎഫ് വിട്ട് ജോസ് കെ മാണിയും സംഘവും ഇടത് സഹകരണം ഉറപ്പാക്കിയ ശേഷവും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ജോസ് കെ മാണി ഒഴിഞ്ഞുമാറുകയായിരുന്നു. 

കോൺഗ്രസിന്‍റെ ഉന്നത നേതൃത്വം ആണ് കോഴക്കേസിന് പിന്നിലെന്ന് പറയുന്നത് അല്ലാതെ ആരുടെയെങ്കിലും പേരെടുത്ത് പറയാൻ കഴിഞ്ഞ ദിവസങ്ങളിലും ജോസ് കെ മാണി തയ്യാറായിരുന്നില്ല. കെഎം മാണിക്കെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് മുന്നണി നേതാക്കൾ നടത്തിയിരുന്ന പ്രതിഷേധ പ്രസ്താവനകളെല്ലാം ജോസ് കെ മാണിയുടെ ഇടത് സഹകരണത്തിനൊപ്പം വീണ്ടും വാര്‍ത്തയിൽ നിറയുന്നതിനിടെയാണ് റിപ്പോര്‍ട്ട് തന്നെ പുറത്ത് വിട്ട് കേരളാ കോൺഗ്രസ് രംഗത്തെത്തുന്നത്. 

സിഎഫ്  തോമസ് അധ്യക്ഷനായ സമിതിയെ  പാർട്ടി ആരോപണം  അന്വേഷിക്കാന്‍ നിയോഗിച്ചെങ്കിലും  റിപ്പോർട്ട്  നൽകിയിരുന്നില്ല, തുടർന്നാണ് സ്വകാര്യ ഏജൻസിയെ കെഎം മാണി അന്വേഷണം ഏൽപ്പിക്കുന്നത്. ഇതാണിപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ കേരളാ കോൺഗ്രസ് അവതരിപ്പിക്കുന്നതും. 

Follow Us:
Download App:
  • android
  • ios