തിരുവനന്തപുരം: പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയണ്ട എന്ന് താന്‍ പറഞ്ഞു എന്ന രീതിയില്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി ദേശീയ നേതാവാണ്. പ്രാദേശിക തലത്തിലല്ല രാഹുല്‍ ഗാന്ധി അഭിപ്രായം പറയുന്നത്. അദ്ദേഹം ദേശീയ തലത്തില്‍ ആണ് കാര്യങ്ങള്‍ കാണുന്നതും, അഭിപ്രായം പറയുന്നതും. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ, ആ അര്‍ത്ഥത്തില്‍ വേണം കാണേണ്ടത് എന്നാണ് അഭിപ്രായപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ബ്ലെയിം ഗെയിം നടത്തരുത് എന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. ഇതിനെ സംസ്ഥാന സര്‍ക്കാരിനായുള്ള അംഗീകാരം ആയി കാണണ്ടെന്നും ചെന്നിത്തല പറഞ്ഞു.  എന്നാല്‍ കേരളത്തിലെ പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടെന്നും അത് പറയാൻ തങ്ങളുണ്ടെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ മുന്‍ പ്രതികരണം.