Asianet News MalayalamAsianet News Malayalam

എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് തെറ്റെന്ന് ചെന്നിത്തല

ഇന്ന് രാവിലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ സൈബർ പൊലീസ് എസ്ഐയുടെ പരാതിയിൽ ഐപിസി 153, 153എ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്

Ramesh Chennithala criticises CM for registering FIR against Rajeev Chandrasekhar kgn
Author
First Published Oct 31, 2023, 11:25 AM IST

തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന നിലപാട് തെറ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കോൺഗ്രസും യുഡിഎഫും പക്വമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സംഭവത്തെ വർഗീയവത്കരിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സ്വീകരിച്ചത്. ഒരിടത്ത് വാലിലാണ് വിഷമെങ്കിൽ മറ്റൊരിടത്ത് വായിലാണ് വിഷമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംഭവം രാഷ്ട്രീയവത്കരിക്കുന്നത് നെറികേടാണെന്നും അദ്ദേഹം വിമർശിച്ചു. എംവി ഗോവിന്ദനെ വെള്ളപൂശി കേന്ദ്രമന്ത്രിയെ വിമർശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണ്. രണ്ട് തെറ്റിനേയും വിമർശിക്കാൻ മുഖ്യമന്ത്രി  തയ്യാറാകണം. രാജീവ് ചന്ദ്രശേഖറിനെതിരെ മാത്രമെടുത്ത നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ പുനഃപ്പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതിൽ വിദ്വേഷമില്ലെന്നായിരുന്നു തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. എംവി ഗോവിന്ദനെതിരെ ആരോപണം ഉന്നയിക്കുന്നത് മറ്റവരെ (ബിജെപിയെ) മെല്ലെ സഹായിക്കണം എന്ന തോന്നലോടെ കോൺഗ്രസുകാരുടെ കളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഫോടനവുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ എംവി ഗോവിന്ദൻ അടക്കം നാല് പേർക്കെതിരെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി സരിൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഗോവിന്ദന് പുറമെ, മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പരാതി. മനപ്പൂർവ്വവും ദുരുദ്ദേശപരവുമായി ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള വെറുപ്പിനും സ്പർദ്ധയ്ക്കും കാരണമാകും വിധമാണ് നാല് പേരും പ്രതികരിച്ചതെന്ന് പരാതിയിൽ കുറ്റപ്പെടുത്തുന്നു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പിന്നാലെയാണ് ഇന്ന് രാവിലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ സൈബർ പൊലീസ് എസ്ഐയുടെ പരാതിയിൽ ഐപിസി 153, 153എ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്. വിദ്വേഷ പ്രചാറണത്തിന് ശ്രമിച്ചെന്ന് ആരോപിച്ചാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തത്. നടപടി ഇരട്ടനീതിയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്ത് വന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios