Asianet News MalayalamAsianet News Malayalam

സ്വർണക്കടത്ത്, അഴിമതി കേസുകൾ അട്ടിമറിക്കാനുള്ള സർക്കാർ ശ്രമവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം: ചെന്നിത്തല

ഭരണഘടനാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ അന്വേഷണങ്ങള്‍ അട്ടിമറിക്കാനുള്ള സർക്കാർ ശ്രമം അംഗീകരിക്കാനാവില്ല. ഇത് ഭരണഘടനയെയും നീതിന്യായ വ്യവസ്ഥിതിയെയും വെല്ലുവിളിക്കുന്നതാണ്

Ramesh chennithala demands inquiry on govt attempt to fail central agencies
Author
Thiruvananthapuram, First Published Nov 20, 2020, 12:30 PM IST

തിരുവനന്തപുരം:  സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കച്ചവടം, അഴിമതി കേസുകളിലെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും സി പി എമ്മും നടത്തുന്ന ശ്രമത്തെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഗൂഡാലോചനയെ പറ്റി എന്‍ ഐ എ അന്വേഷിക്കണം. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ തീവച്ചത് മുതല്‍ ആരംഭിച്ച ഈ അട്ടിമറി നീക്കത്തിന്റെ തുടര്‍ച്ചയാണ് സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശമെന്നും നിയമസഭയെ പോലും ഇതിന് വേണ്ടി ഉപയോഗിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ അന്വേഷണങ്ങള്‍ അട്ടിമറിക്കാനുള്ള സർക്കാർ ശ്രമം അംഗീകരിക്കാനാവില്ല. ഇത് ഭരണഘടനയെയും നീതിന്യായ വ്യവസ്ഥിതിയെയും വെല്ലുവിളിക്കുന്നതാണ്. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച അന്വേഷണത്തിന്റെ തുടക്കത്തിലാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീ പിടുത്തമുണ്ടായത്.  ഷോര്‍ട്ട്  സര്‍ക്യുട്ടാണെന്ന് അന്ന് സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍  നിയോഗിച്ച സമിതിയും പൊലീസും പറഞ്ഞു. ഇതല്ല കാരണമെന്ന് ഫോറന്‍സികിന്റെ ശാസ്ത്രീയ അന്വേഷണത്തില്‍ തെളിഞ്ഞു.  ഫോറന്‍സിക് കണ്ടെത്തിലിനെ അട്ടിമറിക്കാന്‍ അപ്പോള്‍ തന്നെ ശ്രമം നടന്നു. ഒരു പൊലീസ് ഐ ജി ഫോറന്‍സിക്  ശാസ്ത്രജ്ഞരെ വിളിച്ചു വരുത്തി വിരട്ടി. എന്നിട്ടും ഫോറന്‍സിക്കുകാര്‍ ഉറച്ച് നിന്നു. ഇപ്പോള്‍  കോടതിയില്‍ അവസാന റിപ്പോര്‍ട്ട്   സമര്‍പ്പിച്ചിരിക്കുകയാണ്. ഇതോടെ പ്രോട്ടോക്കോള്‍ വിഭാഗത്തിന്  തീവച്ചതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അപ്പോള്‍ ആരാണ് തീവച്ചത്?

ഈ  തീവയ്പിന്റെ തുടര്‍ച്ചയായി വേണം മറ്റ് അട്ടിമറിശ്രമങ്ങളും കാണേണ്ടത്. ലൈഫ് പദ്ധതിയിലെ സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സിനെ ആയുധമാക്കി, ഫയലുകള്‍  കടത്തി. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രിയും പിന്നീട് സ്വരം മാറ്റി. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ശിവശങ്കരനും സ്വപ്ന സുരേഷും മുഖ്യമന്ത്രിയെ രക്ഷപെടുത്താന്‍  ശ്രമിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്നും രാഷ്ട്രീയക്കാരുടെ പേര് പറയാന്‍  അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം  ചെലുത്തുന്നുവെന്നും ശിവശങ്കരന്‍ കോടതിയില്‍ പറഞ്ഞത് ഇതുകൊണ്ടാണ്.

സ്വപ്ന സുരേഷിന്റേതായി പുറത്ത് വന്ന ശബ്ദ സന്ദേശത്തിലും മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നിരിക്കുന്നത്. സ്വപ്നയുടെ ശബ്ദരേഖയുടെ പിന്നില്‍ സി പി എമ്മിന്റെ ഗൂഡാലോചന ഉണ്ടെന്ന് വ്യക്തമാണ്. ശബ്ദരേഖ വന്നതിന് പിന്നാലെ അതിന്റെ ചുവട് പിടിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയത് ഇതിന് തെളിവാണ്. വികസന പ്രവര്‍ത്തനങ്ങളെ കേന്ദ്ര ഏജന്‍സികള്‍ അട്ടിമറിക്കാന്‍  ശ്രമിക്കുന്നുവെന്ന് പറഞ്ഞ് അന്വേഷത്തെ തടസപ്പെടുത്താനാണ് സര്‍ക്കാരും സി പി എമ്മും ശ്രമിക്കുന്നത്. ഈ സര്‍ക്കാരിന് കീഴില്‍ ഒരു വികസനവും നടന്നിട്ടില്ല.   സ്വര്‍ണ്ണക്കടത്തും മയക്ക് മരുന്ന് കച്ചവടവും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് ഇവരുടെ വികസന  പ്രവര്‍ത്തനങ്ങള്‍. ഇടതു മുന്നണിയും സി പി എമ്മും സര്‍ക്കാരും എത്ര ശ്രമിച്ചാലും അഴിമതി മൂടിവായ്കാനാകില്ല. എന്നായാലും  സത്യം പുറത്ത് വരിക തന്നെ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Follow Us:
Download App:
  • android
  • ios