Asianet News MalayalamAsianet News Malayalam

'വിഎസ്സിനെ വികസന വിരോധിയാക്കി അന്ന് ചിത്രവധം ചെയ്തു'; പിണറായിക്കെതിരെ രമേശ് ചെന്നിത്തല

 'വികസനം മുടക്കുന്ന മുഖ്യമന്ത്രി' എന്നു പറഞ്ഞാണ് അന്നു വി.എസിനെ ചിത്രവധം ചെയ്തത്. യഥാര്‍ഥത്തില്‍ നേതാക്കള്‍ക്കും പാര്‍ട്ടിക്കും കിട്ടുന്ന കമ്മീഷന്‍ വി.എസ് മുടക്കി എന്നതായിരുന്നു ആ ചൊരുക്കിനു കാരണം'.

ramesh chennithala facbook post against pinarayi vijayan
Author
Thiruvananthapuram, First Published Nov 12, 2020, 3:14 PM IST

തിരുവനന്തപുരം:വികസന പദ്ധതികളുടെ മറവില്‍ കമ്പനികളില്‍ നിന്നും കമ്മീഷന്‍ തട്ടിയെടുക്കാന്‍ അനുവദിക്കാത്തത് കൊണ്ട് പിണറായി വിജയനും സിപിഎമ്മും വിഎസ് അച്യുതാനന്ദനെ വികസന വിരോധിയാക്കിയെന്ന് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്ത് വികസനപദ്ധതികള്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി അദ്ദേഹത്തെ പ്രതികൂട്ടില്‍ നിര്‍ത്തി. 'വികസനം മുടക്കുന്ന മുഖ്യമന്ത്രി' എന്നു പറഞ്ഞ് പിണറായിയും കൂട്ടരും അന്നു വി.എസിനെ ചിത്രവധം ചെയ്തു. യഥാര്‍ഥത്തില്‍ നേതാക്കള്‍ക്കും പാര്‍ട്ടിക്കും കിട്ടുന്ന കമ്മീഷന്‍ വി.എസ് മുടക്കി എന്നതായിരുന്നു ആ ചൊരുക്കിനു കാരണമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

വി.എസ് അച്യുതാനന്ദനെ വികസന വിരോധിയെന്ന് പിണറായി വിജയനും പാർട്ടിയും മുദ്രകുത്തിയതിന്റെ യഥാർത്ഥ കാരണം ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. പിണറായി വിജയന്റെ കമ്മീഷനടിക്ക് വി.എസ് വിഘാതമായതാണ് ഇതിനു കാരണം.

കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്ത് വികസനപദ്ധതികള്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി അദ്ദേഹത്തെ പ്രതികൂട്ടില്‍ നിര്‍ത്തിയിരുന്നു. അഞ്ചോളം വികസനപദ്ധതികളുടെ ഫയലുകള്‍ വി.എസ് ക്ലിയര്‍ ചെയ്യാതെ ഇരുന്നപ്പോള്‍ അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ സി.പി.എം സെക്രട്ടറിയേറ്റ് ചേര്‍ന്ന് വി.എസിനെതിരെ പ്രമേയം പാസാക്കി. 'വികസനം മുടക്കുന്ന മുഖ്യമന്ത്രി' എന്നു പറഞ്ഞാണ് അന്നു വി.എസിനെ ചിത്രവധം ചെയ്തത്. യഥാര്‍ഥത്തില്‍ നേതാക്കള്‍ക്കും പാര്‍ട്ടിക്കും കിട്ടുന്ന കമ്മീഷന്‍ വി.എസ് മുടക്കി എന്നതായിരുന്നു ആ ചൊരുക്കിനു കാരണം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല പിണറായിയുടെ കമ്മീഷനടി.

അധികാരത്തിലേറിയപ്പോൾ സ്വന്തം ഓഫീസിനെ കമ്മീഷനടിക്കാനുള്ളതാക്കി മാറ്റി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ രൂപം കൊള്ളുന്ന പദ്ധതികളുടെ രഹസ്യ വിവരങ്ങളെല്ലാം സ്വപ്നക്ക് ചോര്‍ത്തിക്കൊടുത്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനായിരുന്നു.ലൈഫ്, കെ-ഫോണ്‍ തുടങ്ങിയ പദ്ധതികളെല്ലാം തന്നെ ശിവശങ്കരനും സ്വപ്നയും തമ്മിലുള്ള കൂട്ടുകച്ചവടമായിരുന്നു.സ്വപ്നയുടെയും സംഘത്തിന്റെയും പ്രധാന ജോലി കള്ളക്കടത്തും ദേശവിരുദ്ധ പ്രവര്‍ത്തനവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റ ചുമതലക്കാരനായ ശിവശങ്കറിന് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് ഇ.ഡി വ്യക്തമാക്കിക്കഴിഞ്ഞു. ടോറസ് ഡൗൺ ടൗൺ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.

പണ്ട് കേരളത്തിലെ ചില വന്‍കിടക്കാരുടെ വ്യവസായ പദ്ധതികളായിരുന്നു പണംതട്ടിപ്പിന്റെ ഇവരുടെ മാർഗമെങ്കിൽ ഇന്നു കേരളത്തിനു പുറത്തുള്ള കോര്‍പറേറ്റുകളുമായാണ് ചങ്ങാത്തം. അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലറുമായുള്ള കൂട്ടുകെട്ട് വരെ അതു നീണ്ടു കിടക്കുന്നു. ഇടനിലക്കാര്‍ വഴി അവരെ ക്ഷണിച്ചു കൊണ്ടുവന്ന് വേണ്ട ഒത്താശകളെല്ലാം ചെയ്തു സര്‍ക്കാര്‍ ചെലവില്‍ കമ്മീഷനായി കോടികള്‍ തട്ടുന്ന വ്യവസായം തന്നെയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സി.പി.എം ശാസ്ത്രീയമായി ആരംഭിച്ചു നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയാണ് അതിന്റെ നായക സ്ഥാനത്ത്

ലാവ് ലിന്‍ കേസിലെ അതേ തന്ത്രമാണ് പിണറായി ഇപ്പോൾ പയറ്റുന്നത്.സ്വയം വെട്ടിപ്പും തട്ടിപ്പും നടത്തുക, എന്നിട്ടു രക്ഷപെടാനായി പാര്‍ട്ടിയെയും എല്‍.ഡി.എഫിനെയും രംഗത്തിറക്കുക. അങ്ങനെ രാഷ്ട്രീയപരിച ഉപയോഗിച്ചിട്ടു കാര്യമില്ലെന്നു പിണറായി വിജയന്‍ മനസിലാക്കണം. ഒരു പാട് ഒളിപ്പിക്കാനുള്ളതുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രിയെ പിന്തുണച്ചേ പറ്റൂ. ഈ ചേട്ടന്‍ ബാവ, അനിയന്‍ ബാവ ഏര്‍പ്പാട് കേരളത്തില്‍ അവസാനിക്കാന്‍ പോകുകയാണ്.

Follow Us:
Download App:
  • android
  • ios