Asianet News MalayalamAsianet News Malayalam

ഇന്ധനവില വ‍ർധിക്കുമ്പോൾ കേരള സർക്കാരിന് ആഹ്ളാദം, മുട്ടിൽ കേസ് പ്രതികൾക്ക് മുഖ്യമന്ത്രിയുമായി ബന്ധം: ചെന്നിത്തല

കേന്ദ്രം നികുതി കൂട്ടിയാൽ ലാഭം കിട്ടുമെന്ന നിലപാടാണ് കേരളത്തിലെ സർക്കാരിന്റേതെന്ന് മുൻ പ്രതിപക്ഷ നേതാവ് 

Ramesh Chennithala hits out Kerala Government over fuel price hike and muttil tree cut row
Author
Thiruvananthapuram, First Published Jun 11, 2021, 11:11 AM IST

തിരുവനന്തപുരം: ഇന്ധന വില വർധിക്കുമ്പോൾ കേരള സർക്കാരിന് ആഹ്ലാദമാണെന്ന് രമേശ് ചെന്നിത്തല. ഇന്ധന വില വ‍ർധനവിനെതിരെ തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ കോൺ​ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അ​​ദ്ദേഹം. 

പെട്രോൾ ഡീസൽ വിലവർധന സാധാരണ ജനങ്ങളെയാണ് പ്രതിസന്ധിയിൽ ആക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നികുതി കൂട്ടിയാൽ ലാഭം കിട്ടുമെന്ന നിലപാടാണ് കേരളത്തിലെ സർക്കാരിന്റേത്. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുമ്പോൾ കേരളത്തിന്റെ ഭരണകൂടം ആഹ്ലാദിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ബിജെപിയുടെ നയങ്ങൾക്ക് ഇടത് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത്‌ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുട്ടിൽ മരം മുറി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ വന സമ്പത്തിനെ കൊള്ളയടിക്കാൻ കാട്ടുകള്ളന്മാർക്ക് കൂട്ടുനിന്നത് ആരാണെന്ന് അറിയണം. മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ഇതിലുള്ള ബന്ധം അന്വേഷിക്കണം. പ്രതികളുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തന്നെയാണ് മനസിലാക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അന്വേഷണം ഏൽപ്പിക്കുന്നത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios