കോഴിക്കോട്: ഇടതുമുന്നണിയുമായി യോജിച്ച് സമരം നടത്തിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നെന്ന സന്ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കാനെന്ന് പ്രതിപക്ഷ നേതാവ് രമേശേ ചെന്നിത്തല. യോജിച്ച് സമരം നടത്തേണ്ട ആവശ്യം ഇനിയില്ലെന്നും യുഡിഎഫിന്‍റെതായ രീതിയിലായിരിക്കും സമരമെന്നും ചെന്നിത്തല പറഞ്ഞു. 

"പൗരത്വ ഭേദഗതി നിയമം പിൻവലിക്കും വരെ കേരളത്തിൽ യുഡിഎഫ് സമരവുമായി മുന്നോട്ടുപോകും. കോഴിക്കോട് സമരം  ചെയ്‍തതിന് ഡിസിസി പ്രസിഡണ്ട് ടി സിദ്ദീഖ് അടക്കം 40 പേരെ അറസ്റ്റ് ചെയ്‍തത് അംഗീകരിക്കാനാവില്ല". ഇവരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിയും ഡിജിപിയുമായി വിഷയം സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. പൊലീസ് വെടിവെപ്പ് നടന്ന മംഗലാപുരം യുഡിഎഫ് സന്ദര്‍ശിക്കും. 

സർക്കാരും പ്രതിപക്ഷവും കൈകോർത്തുള്ള സമരം വേറിട്ട പ്രതിഷേധമായി വിലയിരുത്തുപ്പെടുമ്പോഴും കോണ്‍ഗ്രസില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സർക്കാറിനെതിരെ ധവളപത്രം പുറത്തിറക്കി വലയി പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കൈകൊടുത്തുള്ള സമരം വേണ്ടായിരുന്നുവെന്നായിരുന്നു കോൺഗ്രസ്സിലെയും യുഡിഎഫിലെയും ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ അറിയിച്ചിരുന്നു.