മലപ്പുറം: കേരള ബാങ്കിന് ഹൈക്കോടതി അനുമതി നല്‍കിയെന്നത് വാസ്തവ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരജി തള്ളുകയല്ല ചെയ്തതെന്നും റിസർവ്വ് ബാങ്കിന്റെ അനുമതിക്ക് വിട്ടു എന്നാണ് കോടതി പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. കേരള ബാങ്ക് വിഷയത്തിൽ റിസർവ്വ് ബാങ്കിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കും. തീരുമാനം അനുകൂലമല്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പ്രതികരിച്ചു. 

സംസ്ഥാനത്ത് കേരളബാങ്ക് ഇന്നലെ നിലവിൽ വന്നു. ബാങ്ക് രൂപീകരണത്തിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്. എന്നാൽ മലപ്പുറം ബാങ്കും ചില പ്രാഥമികസഹകരണസംഘങ്ങളും ഹൈക്കോടതിയെ സമീപിച്ചു.

കേസുകൾ കോടതി തള്ളിയതോടെയാണ് ബാങ്ക് രൂപീകരിച്ച് കൊണ്ട് ഉത്തരവിറങ്ങിയത്. ജില്ലാ ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഇല്ലാതായി. സഹകരണവകുപ്പ് സെക്രട്ടറി ധനറിസോഴ്സ് സെക്രട്ടറി സംസ്ഥാനസഹകരണബാങ്ക് എം ഡി എന്നിവരടങ്ങിയ ഇടക്കാലഭരണസമിതിക്കായിരിക്കും ഇനി ഭരണം.