കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം ഇടപെടലുകൾ നടത്തിയിട്ടില്ല'. നിക്ഷിപ്ത താൽപര്യക്കാരാണ് അത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും ചെന്നിത്തല
തിരുവനന്തപുരം: കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട തൃക്കാക്കരയിലെ കോൺഗ്രസ് പ്രചാരണതന്ത്രത്തിൽ എതിർപ്പുമായി രമേശ് ചെന്നിത്തല. ഇടത് സ്ഥാനാർഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്നും നിക്ഷിപ്ത താൽപര്യക്കാരാണ് കത്തോലിക്ക സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. 'ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി നിർണയത്തിൽ സഭയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്ന് വരുന്നുണ്ട്. സഭ ഒരു സ്ഥാനാർത്ഥിയെ നിശ്ചിക്കുമെന്ന് ഞങ്ങളൊരിക്കലും കരുതുന്നില്ല. ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ളവരാണ് കത്തോലിക്കാ സഭ. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം ഇടപെടലുകൾ നടത്തിയിട്ടില്ല'. നിക്ഷിപ്ത താൽപര്യക്കാരാണ് അത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേ സമയം, തൃക്കാക്കരയിലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രത്തെ വിമർശിച്ച് മുതിർന്ന നേതാവ് ഡൊമനിക് പ്രസന്‍റേഷനും രംഗത്തെത്തി. ഇടതു സ്ഥാനാർഥിയുടെ സഭാ ബന്ധം ഉയർത്തി കാട്ടേണ്ട ആവശ്യമില്ലെന്നും അത്തരം പ്രചാരണങ്ങൾ യുഡിഎഫിന് തിരിച്ചടിയാകുമെന്നും ഡൊമനിക് പ്രസന്‍റേഷൻ പറഞ്ഞു. മണ്ഡലത്തിൽ രാഷ്ട്രീയ പ്രചാരണമാണ് നടത്തേണ്ടത്. ജോ ജോസഫ് സഭയുടെ സ്ഥാനാർഥി അല്ലെന്ന് ഇടത് നേതൃത്വം പറഞ്ഞത് വിശ്വസിക്കാമെന്നും ഡൊമനിക് പ്രസന്‍റേഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Thrikkakkara By Election : വൈദികര്‍ക്കൊപ്പം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് തെറ്റ്; മുൻ കെസിബിസി വക്താവ്
കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി മുന്‍ കെസിബിസി വക്താവ് രംഗത്ത്. വൈദികര്‍ക്ക് ഒപ്പം സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്നാണ് വിമര്‍ശനം. കേരളത്തിൽ ഇതുവരെ കാണാത്ത പ്രവണത ആണിത് എന്നും ഫാദർ വർഗീസ് വള്ളിക്കാട്ടിൽ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഒരു ബ്രാൻഡിങ്ങിന് സിപിഎം ശ്രമിച്ചു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരം ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെങ്കിൽ സിപിഎം അത് വിശദീകരിക്കണം. സഭാ മേലധ്യക്ഷനെ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ഈ നടപടി കാരണമായി. രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കേണ്ടത് എന്നും ഫാദർ വർഗീസ് വള്ളിക്കാട്ടിൽ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...
തെരഞ്ഞെടുപ്പടുക്കുമ്പോൾ ചില രാഷ്ട്രീയക്കാർ സഭയേയും പുരോഹിതരെയും സഭകൾക്കുള്ളിലെ പടലപ്പിണക്കങ്ങളെയും കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു... ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലും വികസന സാധ്യതകളിലും തങ്ങൾ സ്വീകരിക്കാനുദ്ദേശിക്കുന്ന നിലപാടുകളും സമീപനങ്ങളും പരിപാടികളുമല്ലേ യഥാർത്ഥത്തിൽ അവർ വിശദീകരിക്കേണ്ടത് ?
ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഷ്ട്രീയ പാർട്ടികൾ നിർവഹിക്കേണ്ട പങ്ക് ജാതി മത സമുദായ ശക്തികളെ ഏൽപ്പിക്കുന്ന ഏർപ്പാട്, എളുപ്പവഴിയിൽ ക്രിയ ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പാർട്ടികളിൽ വന്നിട്ടുള്ള ഇത്തരം അപചയമാണ് സമൂഹത്തിൽ വർഗീയതയും സാമുദായിക സ്പർദ്ധയും വളർത്തുന്നത്.
മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൽനിന്നുള്ള തിരിച്ചു പോക്കാണ്, പുരാതന പ്രാകൃത ഗോത്ര ജീവിതത്തിലേക്കും മതരാഷ്ട്ര ഫാസിസത്തിലേക്കുമുള്ള തിരിച്ചു പോക്ക്. മതത്തിനും സമുദായങ്ങൾക്കുമുപരി, മനുഷ്യരുടെയും സമൂഹത്തിന്റെയും പൊതു നന്മ എന്ന ലക്ഷ്യം മുൻനിർത്തി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ രൂപപ്പെടുത്താൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണം. എളുപ്പ വഴിയിൽ ക്രിയ ചെയ്യുന്നവരെ ഒഴിവാക്കി സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള പ്രബുദ്ധത കേരളത്തിലെ വോട്ടർമാർക്കുണ്ട് എന്നത് എല്ലാവരും ഓർക്കണം.
