കെപിസിസി പ്രസിഡൻ്റുമായി സംസാരിച്ചുവെന്നും 20 ന് രാഷ്ട്രീയ കാര്യ സമിതി ചേരുമെന്ന് അറിയിച്ചുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ: ബിജെപിയുടെ ക്രൈസ്തവ പ്രീണനത്തില്‍ എ ഗ്രൂപ്പ് കത്ത് നൽകിയതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡൻ്റുമായി സംസാരിച്ചുവെന്നും 20 ന് രാഷ്ട്രീയ കാര്യ സമിതി ചേരുമെന്ന് അറിയിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ ക്രിസ്തീയ ഭവന സന്ദർശനങ്ങളിൽ കോൺഗ്രസിന് ആശങ്കയില്ലെന്നും ഇവർ വേഷം മാറി വന്നവരെന്ന് ക്രിസ്തീയ സമുദായത്തിന് അറിയാമെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
അതേസമയം, ക്രൈസ്തവ സഭയെ അടുപ്പിക്കാനുള്ള ബിജെപി നീക്കം ഗൗരവത്തോടെ കാണണമെന്നാണ് എ ഗ്രൂപ്പ് വിഭാഗത്തിന്‍റെ ആവശ്യം. വിഷയം പ്രധാനമാണെന്നും ഉടൻ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നും നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് എ ഗ്രൂപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് കെ സി ജോസഫാണ് കെപിസിസി അധ്യക്ഷന് കത്ത് നൽകിയത്. രാഷ്ട്രീയ കാര്യ സമിതി സ്ഥിരം ചേരാത്തതിൽ അതൃപ്‌തി അറിയിക്കുന്നത് കൂടിയാണ് കത്ത്. നിരവധി വിവാദ വിഷയങ്ങൾ ഉണ്ടായിട്ടും സമിതി ചേരുന്നില്ലെന്നും ചർച്ച നടക്കുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നു.
