ആലപ്പുഴ:  ആലപ്പുഴ കുടിവെള്ള പദ്ധതി പൂർണ്ണമായും അഴിമതി നിറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തമ്മിൽ വിഴിപ്പലക്കലാണെന്ന് പറഞ്ഞ ചെന്നിത്തല എന്തുകൊണ്ട് ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇക്കാര്യം ഗൗരവമായി കാണുന്നില്ലെന്നും ചോദിച്ചു. ധനമന്ത്രിയെ പൊതുമരാമത്ത് മന്ത്രി വിളിക്കുന്നത് ബകനെന്ന്. കേരളം ഇതുവരെ കാണാത്ത അഴിമതികളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പദ്ധതിയിലെ അഴിമതി സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കിഫ്‌ബി അഴിമതിയിൽ മുങ്ങിയെന്നും ജനങ്ങൾക്ക് ശാപമായെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

അതേസമയം ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ എടുത്തത്. ക്രമക്കേട് നടത്തിയ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തി നഷ്ടപരിഹാരം ഈടാക്കണമെന്ന സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ആവർത്തിച്ചുള്ള ആവശ്യം ജല അതോറിറ്റി എംഡിയുടെ ഓഫീസ് അട്ടിമറിച്ചതിന്‍റെ രേഖകള്‍ ലഭിച്ചിരുന്നു. കുടിവെള്ള പദ്ധതിയുടെ മൂന്നാം റീച്ചിൽ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരനെതിരെ ആലപ്പുഴ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പലതവണ റിപ്പോർട്ടുകള്‍ നല്‍കിയിരുന്നു.