Ramesh Chennithala : കെ മുരളീധരനുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അത്‌ പരിഹരിച്ചതായും ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും ചെന്നിത്തല പറഞ്ഞു. 

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്‍റെ (Congress) അവസാന വാക്ക് കെപിസിസി പ്രസിഡന്‍റിന്‍റേതാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). കോണ്‍ഗ്രസ് പുനസംഘടനയില്‍ എല്ലാവരുമായി ചര്‍ച്ച വേണം. കെ മുരളീധരനുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അത്‌ പരിഹരിച്ചതായും ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും ചെന്നിത്തല പറഞ്ഞു. പുനസംഘടനയെ ചൊല്ലി സംസ്ഥാന കോൺഗ്രസ്സിൽ കലാപം രൂക്ഷമായിരിക്കുകയാണ്.

ഡിസിസി പുന:സംഘടനയുടെ അന്തിമകരട് പട്ടിക തയ്യാറാക്കിയിരിക്കെയാണ് സംസ്ഥാന കോൺഗ്രസ്സിലെ അസാധാരണ പോര്. എംപിമാരെ കേട്ടില്ലെന്നാണ് പരാതി. എംപിമാർ പരാതി ഉന്നയിച്ചെന്ന് കാണിച്ച് ഹൈക്കമാൻഡ് പുനസംഘടന നിർത്തിവെപ്പിച്ചു. ഹൈക്കമാൻഡ് നടപടിയിൽ കടുത്ത അതൃപ്തനായ കെ സുധാകരൻ എംപിമാരുടെ പരാതി കെപിസിസിക്ക് കൈമാറാൻ ആവശ്യപ്പെട്ടു.

പുനസംഘടന നിർത്തി വെച്ച ഹൈക്കമാന്‍ഡ് നടപടിയിൽ കെപിസിസി പ്രസിഡന്‍റിന് കടുത്ത അതൃപ്തിയാണുള്ളത്. എല്ലാവരുമായും ചർച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതിൽ ആണ് അമർഷം. നോക്കുകുത്തി ആയി തുടരാൻ ഇല്ലെന്നാണ് സുധാകരൻ എഐസിസി നേതൃത്വത്തെ അറിയിച്ചത്. എഐസിസി പ്രതിനിധികളും സംസ്ഥാന നേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുധാകരൻ വഴങ്ങിയില്ല. കെ സി വേണുഗോപാലും വി ഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാൻ ശ്രമിക്കുന്നു എന്നാണ് സുധാകരന്‍റെ സംശയം. എന്നാൽ എംപിമാർ അടക്കം പരാതികൾ ഉന്നയിച്ചാൽ പരിഹരിക്കാതെ എങ്ങിനെ മുന്നോട്ട് പോകും എന്നാണ് സതീശന്‍റെ നിലപാട്.

  • പുന:സംഘടന ഉണ്ടാകും, പരാതികൾ പരിഹരിക്കും; താൻ ഹൈക്കമാണ്ടിന് പരാതി നൽകിയിട്ടില്ലെന്നും കെ.മുരളീധരൻ

കോഴിക്കോട്: കോൺ​ഗ്രസ് പുനസംഘടനയിൽ അന്തിമ തീരുമാനമെടുക്കേണ്ട് ഹൈക്ക‌മാന്‍റ് ആണെന്ന് കെ.മുരളീധരൻ എം പി. പുനസംഘടനയിൽ പരാതി ഉള്ളവർ ഉണ്ടാകും. അവർക്ക് പരാതി പറയാൻ അവസരമുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. കോൺ​ഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് ഉണ്ടാകും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എം പിമാർ പരാതിക്കത്ത് ഹൈക്കമാന്‍റിന് നൽകിയോ എന്ന് തനിക്ക് അറിയില്ല. 

പുനസംഘടന നിർത്തിവച്ചപ്പോൾ കെപിസിസി അധ്യക്ഷൻ കെ സുധാകരന് പ്രയാസമുണ്ടായിരിക്കാം. കഴിയുന്നത്ര സമവായമുണ്ടാക്കാനാണ് ശ്രമം. പാർട്ടിയിൽ ചുരുക്കം ചില പ്രശ്നങ്ങൾ ഉണ്ട്. അത് ഉടൻ പരിഹരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. രമേശ് ചെന്നിത്തലയും ആയി തനിക്ക് തർക്കങ്ങൾ ഇല്ല. നേരത്തെ ഭിന്നത ഉണ്ടായിരുന്നു. അത് പരിഹരിച്ചെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.വിദ്യാഭ്യാസ മേഖല മുഴുവൻ സ്വകാര്യ മേഖലയ്ക്ക് നൽകുന്നതിനോട് യോജിപ്പില്ലെന്നും കെ മുരളീധരൻ എം പി പറഞ്ഞു. സിപിഎം നയത്തിൽ വ്യക്തതയില്ലെന്നാണ് ആരോപണം

എംപിമാർ കത്ത് കൊടുത്തതായി തനിക്ക് അറിയില്ലെന്ന് ഇന്നലേയും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. താൻ കത്ത് കൊടുത്തിട്ടില്ലെന്നും ഇന്നലെ കെ മുരളീധരൻ പറഞ്ഞിരുന്നു. കേരളത്തിലെ കോൺ​ഗ്രസ് പുനസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാന്‍റ് ഇന്നലെ നിർദേശം നൽകിയിരുന്നു. കേരളത്തിന്‍റെ ചുതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന് നിർദേശം നൽകിയത്.