വിവാദങ്ങൾക്ക് താൽപര്യമിലെന്നും, സോഷ്യൽ മീഡിയയിലൂടെയല്ല കേരളത്തിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും തുടരുന്നതിനിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്. രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കാണുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് വൈകിട്ടാണ് രമേശ് ചെന്നിത്തല ഡൽഹിക്ക് പോകുന്നത്. കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു. വിവാദങ്ങൾക്ക് താൽപര്യമിലെന്നും, സോഷ്യൽ മീഡിയയിലൂടെയല്ല കേരളത്തിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ കനത്ത പോര് തുടരുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വി ഡി സതീശൻ അനുകൂലികൾ ആക്രമണം കടുപ്പിക്കുകയാണ്. കെ സിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ താഴെ സതീശൻ അനുകൂലികളുടെ കമന്റുകൾ നിറഞ്ഞു. പണി എടുത്ത ആൾക്ക് കൂലി ഉണ്ടോ അതോ ഗ്യാലറിയിൽ ഇരുന്ന നിങ്ങൾക്ക് ആണോ സിഎം പദവി എന്ന് ഇവർ കമന്റുകളിലൂടെ ചോദിക്കുന്നു. മുഖ്യമന്ത്രിക്കുപ്പായം ഇട്ട് കേരളത്തിലേക്ക് വരേണ്ടെന്ന് തുറന്നടിക്കുന്നു.
കെ സി വേണുഗോപാൽ- വിഡി സതീശൻ പക്ഷങ്ങളുടെ പോര് ബോധപൂർവമാണെന്നാണ് സൂചന. കെ സുധാകരന് പിന്നാലെ കെസിയെ പിന്തുണച്ച് നേതാക്കൾ കൂട്ടത്തോടെ ഇറങ്ങിയത് കൃത്യമായ ലക്ഷ്യത്തോടെയെന്നാണ് വിലയിരുത്തൽ. എംപിമാരുടെ പിന്തുണ ഉറപ്പാക്കാനും ഘടകകക്ഷികളെ ചേർത്ത് നിർത്താനും ശ്രമം നടന്നുവരികയാണ്. കെസിയെ ഉയർത്തിക്കാട്ടുന്നതിനെതിരെയുള്ള വി ഡി സതീശൻ പക്ഷ നീക്കങ്ങളും ആസൂത്രിതമാണ്. അതേസമയം, മുഖ്യമന്ത്രി തർക്കങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. അതേസമയം മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെയല്ല തീരുമാനിക്കുന്നതെന്ന് എഐസിസി വൃത്തങ്ങൾ പറയുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ പാർട്ടിക്ക് വ്യക്തമായ വഴികളുണ്ടെന്നും നേതൃത്വം പറഞ്ഞു. മുഖ്യമന്ത്രി ചർച്ചകൾ പാടില്ലെന്ന് രാഹുൽ ഗാന്ധി തന്നെ നിർദ്ദേശിച്ചതാണെന്നും ഉയരുന്നുണ്ട്. എന്നാൽ ഇതിന് മറി കടന്നുകൊണ്ടാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസിൽ കത്തിക്കയറുന്നു. സുധാകന്റെ പോസ്റ്റിൽ എംപിമാരിൽ പലർക്കും അതൃപ്തിയുണ്ട്. ഇക്കാര്യം ഹൈക്കമാൻഡ് നേതാക്കളെ എംപിമാർ അറിയിച്ചേക്കും. കോൺഗ്രസിൽ മുഖ്യമന്ത്രിചർച്ച കത്തിക്കയറുന്നതിനിടെയാണ് 'കേരളം കെ.സി.നയിക്കട്ടെ' എന്ന ആഹ്വാനവുമായി കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശക്തമായി പിന്തുണച്ച് കെ. സുധാകരൻ ഇന്നലെയാണ് പോസ്റ്റ് ഇട്ടത്. കേരളത്തിന് വേണ്ടത് കെസിയെ പോലെ ദീർഘദർശിയായ നേതാവിനെയെന്ന് സുധാകരന്‍റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.


