Asianet News MalayalamAsianet News Malayalam

'കോടിയേരി പറഞ്ഞിട്ടാണ് ഈപ്പൻ ഐഫോൺ ആരോപണം ഉന്നയിച്ചത്', ചെന്നിത്തല കോടതിയിൽ

സ്വപ്ന സുരേഷിന്‍റെ നിർദേശപ്രകാരം യുഎഇ കോൺസുലേറ്റിന്‍റെ പരിപാടിയ്ക്കിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ഐഫോൺ വാങ്ങി നൽകിയെന്ന പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയാണ് ചെന്നിത്തല.

ramesh chennithala to move court against the iphone remark by unitac md
Author
Thiruvananthapuram, First Published Oct 5, 2020, 11:45 AM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഐഫോൺ വിവാദം കോടതി കയറുന്നു. ലൈഫ് മിഷന്‍റെ വടക്കാഞ്ചേരിയിലെ വിവാദമായ ഭവനനിർമാണപദ്ധതിയുടെ നിർമാണക്കരാർ ലഭിച്ച യൂണിടാക് ബിൽഡേഴ്സിന്‍റെ എംഡി സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അപകീർത്തിക്കേസ് ഫയൽ ചെയ്തു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ നിർദേശപ്രകാരം, യുഎഇ കോൺസുലേറ്റിന്‍റെ പരിപാടിയ്ക്കിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ഐഫോൺ വാങ്ങി നൽകിയെന്ന് സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പരാമർശിച്ചിരുന്നു. ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നും, അതല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നുമാണ് ചെന്നിത്തലയുടെ വക്കീൽ നോട്ടീസിൽ പറയുന്നത്. സന്തോഷ് ഈപ്പൻ ഇത്തരത്തിൽ ഹർജിയിൽ എഴുതിയതിന് പിന്നിൽ സിപിഎം ആണെന്നും ചെന്നിത്തല ആരോപിക്കുന്നു. 

ഐഫോൺ ആർക്കാണ് നൽകിയതെന്ന് കണ്ടെത്തുന്നത് വരെ പോരാടുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണ്. രണ്ടാഴ്ചയ്ക്കകം ഈ പരാമർശം പിൻവലിച്ച് സന്തോഷ് ഈപ്പൻ മാപ്പ് പറയണം. മൂന്ന് പ്രമുഖ മാധ്യമങ്ങളിലൂടെയെങ്കിലും ഈ മാപ്പപേക്ഷ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യണം. അതല്ലെങ്കിൽ നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. ഹൈക്കോടതിയിൽ സന്തോഷ് ഈപ്പൻ നൽകിയിരിക്കുന്ന ഹർജി തിരുത്തി പുതിയ സത്യവാങ്മൂലം നൽകണം. പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച ആരോപണം തെറ്റെന്ന് ബോധ്യപ്പെട്ടെന്ന് അതിൽ എഴുതണം. മുൻ അഡ്വക്കറ്റ് ജനറലായിരുന്ന അഡ്വ. ടി ആസഫലി വഴിയാണ് ഈ വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നത്. 

തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ സിപിഎമ്മാണെന്ന് ചെന്നിത്തല തുറന്നടിക്കുന്നു. സിപിഎമ്മിനെ പ്രീതിപ്പെടുത്തി, സിബിഐ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പൻ ശ്രമിക്കുന്നത്. സന്തോഷ് ഈപ്പന്‍റെ ആരോപണങ്ങൾ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഏറ്റുപിടിച്ചത് അതിന്‍റെ തെളിവാണ്. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അതിൽ നമ്പറിടുന്നതിന് മുമ്പേ, അതിലെ ഉള്ളടക്കം സിപിഎം കേന്ദ്രങ്ങൾ വഴിയാണ് പുറത്തുവന്നത്. സിപിഎം സംസ്ഥാനസെക്രട്ടറി ഇതേ കാര്യം ഫേസ്ബുക്ക് പോസ്റ്റിൽ ഉന്നയിക്കുകയും ചെയ്തു. ഇത് സിപിഎമ്മും സന്തോഷ് ഈപ്പനും തമ്മിലുള്ള ഒത്തുകളി തെളിയിക്കുന്നതാണ്. 

സന്തോഷ് ഈപ്പന്‍റെ ഹർജി ഇനി ഒക്ടോബർ എട്ടിന് ലൈഫ് മിഷൻ നൽകിയ ഹർജിക്കൊപ്പമാണ് പരിഗണിക്കുക. അന്നത്തേക്ക് സന്തോഷ് ഈപ്പൻ ഈ പരാമർശങ്ങൾ മാറ്റാൻ തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

Follow Us:
Download App:
  • android
  • ios