കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ ഗ്രൂപ്പുകള്‍ ഉന്നയിച്ച പരാതികളില്‍ ചെന്നിത്തല തന്‍റെ ഭാഗം ന്യായീകരിക്കും. പുതിയ നേതൃത്വത്തിലെ തമ്മിലടിയും പുന:സംഘടന മുടങ്ങിയതും ചെന്നിത്തല ആയുധമാക്കിയേക്കും

ദില്ലി: സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസസന്ധിക്കിടെ രമേശ് ചെന്നിത്തല (Ramesh Chennithala) ഇന്ന് സോണിയ ഗാന്ധിയുമായി (Sonia Gandhi) കൂടിക്കാഴ്ച നടത്തും. എഐസിസി പുന:സംഘടന നടക്കാനിരിക്കേയാണ് കൂടിക്കാഴ്ച. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ ഗ്രൂപ്പുകള്‍ ഉന്നയിച്ച പരാതികളില്‍ ചെന്നിത്തല തന്‍റെ ഭാഗം ന്യായീകരിക്കും. പുതിയ നേതൃത്വത്തിലെ തമ്മിലടിയും പുന:സംഘടന മുടങ്ങിയതും ചെന്നിത്തല ആയുധമാക്കിയേക്കും. കെ സി വേണുഗോപാലിന്‍റെ അനാവശ്യ ഇടപെടലുകളെ കുറിച്ചും പരാതിപ്പെട്ടേക്കും.

അതേസമയം, ഐഎൻടിയുസി കലാപത്തിനും മാണി സി കാപ്പൻ്റെ പ്രതിഷേധത്തിനും പിന്നിൽ ചെന്നിത്തലയാണെന്ന പരാതി സതീശൻ വിഭാഗവും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്‍റിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ചെന്നിത്തല സാമൂഹ്യ മാധ്യമങ്ങൾ വഴി അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനലും ഹൈക്കമാന്‍റിനെ സമീപിച്ചിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആസൂത്രിത ആക്രമണം നടന്നെന്നും ചെന്നിത്തലയ്ക്ക് എതിരെ നടപടി വേണമെന്നും സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നിത്തല അണികൾക്ക് നിർദ്ദേശം നൽകുന്ന ശബ്ദ സന്ദേശം പുറത്ത് വന്നതും പരാതിയിലുണ്ട്. ചെന്നിത്തലയ്ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും പരാതി നല്‍കിയിരുന്നു. കെസിക്കെിരെ പോസ്റ്റിടാൻ നിർദ്ദേശം നൽകുന്ന ശബ്ദം ചെന്നിത്തലയുടേതാണ് എന്ന പ്രചാരണം കോൺഗ്രസ് സൈബർ സ്പേസിൽ ശക്തമായി മാറിയിരുന്നു.

എന്നാൽ ആ ശബ്ദം രമേശ് ചെന്നിത്തലയുടേതല്ലെന്നും ഫേക്കാണെന്നുമാണ് ചെന്നിത്തല അനുകൂലികളുടെ വിശദീകരണം. എന്നാൽ കെസി വേണു​ഗോപാലിനും തനിക്കുമെതിരായി നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ ചെന്നിത്തല ബ്രിഗേഡിനെ വിഡി സതീശൻ സംശയിക്കുന്നുണ്ട്. നേരിട്ട് പോസ്റ്റിട്ടാൽ പോലും ഹാക്ക് ചെയ്തെന്ന വാദം നിരത്തി രക്ഷപ്പെടാമെന്നുള്ളതിനാൽ മുതിർന്ന നേതാക്കളും സൈബറിടത്തെ ഒളിപ്പോരിൽ പിന്നിലല്ല.

ലിജുവിനെ വെട്ടി ജെബി മേേത്തറിന് രാജ്യസഭാ സീറ്റ് നൽകിയതിലുള്ള സൈബർ യുദ്ധത്തിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിൻ്റെ എഫ് ബി അക്കൗണ്ടിൽ നിന്നും ചെന്നിത്തലക്കെതിരെ പോസ്റ്റ് വന്നു. അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന മധു വിശദീകരിച്ചെങ്കിലും നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കൾ കെ സുധാകരന് പരാതി നൽകിയിട്ടുണ്ട്. 

'പോഷക സംഘടനയായി ഐഎൻടിയുസിയെ കണക്കാക്കിയിട്ടില്ല'; കാര്യങ്ങളിൽ നിയന്ത്രണമില്ലന്ന് കെ വി തോമസ്

കൊച്ചി: വി ഡി സതീശന്‍ ( V D Satheesan) - ഐഎന്‍ടിയുസി (INTUC) പോര് കനക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന് നേതാവ് കെ വി തോമസ്. ഐഎൻടിയുസിയും കോൺഗ്രസും തമ്മിൽ പൊക്കിൾകൊടി ബന്ധമാണുള്ളതെന്നും ഐഎൻടിയുസി ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയാണെന്നും കെ വി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. ഐഎൻടിയുസിയെ നയിക്കുന്ന നേതാക്കളിൽ ഭൂരിപക്ഷവും കോൺഗ്രസ് നേതാക്കളുമാണ്.

എന്നാൽ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പോലെയുള്ള കോൺഗ്രസിന്‍റെ പോഷക സംഘടനയായി ഐഎൻടിയുസിയെ ഇതുവരെ കണക്കാക്കിയിട്ടില്ല. കോൺഗ്രസിന് ഐഎൻടിയുസിയുടെ കാര്യങ്ങളിൽ നിയന്ത്രണവുമില്ല. വളരെക്കാലം കേന്ദ്ര മന്ത്രിയും ഐഎൻടിയുസിയുടെ അഖിലേന്ത്യ ട്രഷററും സംസ്ഥാന പ്രസിഡന്‍റുമായിരുന്ന സി എം സ്റ്റീഫൻ, കോൺഗ്രസ് - ഐഎൻടിയുസി ബന്ധത്തെ അമ്മയും കുഞ്ഞും തമ്മിലുളള പൊക്കിൾ കൊടി ബന്ധമെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തും ഐഎൻടിയുസി മറ്റ് ജനാധിപത്യ സംഘടനകളുമായി കൈകോർത്ത് സമരം ചെയ്തിട്ടുണ്ട്. കൊച്ചിൻ ഷിപ്പ്യാർഡ്, എഫ്എസിടി തുടങ്ങിയ പൊതു മേഖല സ്ഥാപനങ്ങളിൽ സഹോദര ജനാധിപത്യ സംഘടനകളുടെ കൊടി കൂട്ടി കെട്ടി സമരം നടത്തിയ പാരമ്പര്യവും ഉണ്ട്. ഐഎൻടിയുസിയുടെ ദേശീയ സമ്മേളനത്തിൽ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കളും പങ്കെടുത്തിട്ടുണ്ട്. തൊഴിലാളികളുടെ സമരം വരുമ്പോൾ അക്രമം ഒഴിവാക്കി ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒന്നിച്ചാണ് മുന്നേറേണ്ടതെന്നും കെ വി തോമസ് വ്യക്തമാക്കി.