തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ ഡിജിപി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജിയുടെ കണ്ടെത്തലുകളില്‍ അന്വേഷണം വേണം. സാമ്പത്തിക ക്രമക്കേടിനെപ്പറ്റി സിബിഐ അന്വേഷണം വേണം. റൈഫിളുകള്‍ നഷ്ടപ്പെട്ട സംഭവം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി. 

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തില്‍ നിന്ന് വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരില്ലെന്ന് ചെന്നിത്തല ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ബെഹ്റയെ ഉടന്‍ തന്നെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആയുധങ്ങള്‍ നഷ്ടപ്പെട്ടെന്ന കണ്ടെത്തല്‍ അതീവ ഗുരുതരമാണ്. മുഖ്യമന്ത്രി അനാവശ്യമായി ഡിജിപിയെ സംരക്ഷിക്കുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള സുരക്ഷാപ്രശ്നമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Read Also: ഡിജിപിയെ പുറത്താക്കണം, പിണറായി ബെഹ്റയെ സംരക്ഷിക്കുന്നതെന്തിന്? വെടിയുണ്ട വിവാദത്തിൽ ചെന്നിത്തല

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തില്‍ വന്‍ കുറവ് വന്നതായാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. 12,061 വെടിയുണ്ടകളുടെ കുറവാണ് വന്നിരിക്കുന്നത്. ഇവയ്ക്ക് പകരം വ്യാജ വെടിയുണ്ടകളാണ് ആയുധശേഖരത്തില്‍ സൂക്ഷിച്ചിരുന്നത്. സംഭവം മറച്ചുവെക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തി. സിയമസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടില്‍ ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെ ഗുരുതര കണ്ടെത്തലുകളുമുണ്ട്. 

Read Also: പൊലീസിൽ വൻ ആയുധശേഖരം കാണാനില്ല, പകരം വ്യാജ ഉണ്ടകൾ വച്ചെന്ന് സിഎജി, ഗുരുതരമായ കണ്ടെത്തൽ