Asianet News MalayalamAsianet News Malayalam

ബലാത്സംഗക്കേസ്:എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഒളിവിൽ തന്നെ,കണ്ടെത്താൻ പൊലീസ്, മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ഇതിനിടെ പരാതിക്കാരി എൽദോസ് കുന്നപ്പിള്ളിയുടെ ഫോൺ മോഷ്ടിച്ചെന്ന് എംഎൽഎയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ മൊഴി നൽകാൻ തയ്യാറായിട്ടില്ല. പൊലീസ് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയിട്ടില്ല

Rape Case: Eldhose Kunnappillil MLA Absconding
Author
First Published Oct 14, 2022, 6:40 AM IST

 

കൊച്ചി : ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഒളിവിൽ തുടരുന്നു . 
രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ് . എംഎൽഎ മൂന്ന് ദിവസമായി പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല . എൽദോസ് എവിടെയന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. ഇതിനിടെ പരാതിക്കാരി എൽദോസ് കുന്നപ്പിള്ളിയുടെ ഫോൺ മോഷ്ടിച്ചെന്ന് എംഎൽഎയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ മൊഴി നൽകാൻ തയ്യാറായിട്ടില്ല. പൊലീസ് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയിട്ടില്ല

 

എംഎൽഎയ്ക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. പരാതിക്കാരിയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയ ശേഷമാണ് നടപടി. ജില്ലാ ക്രൈം ബ്രാഞ്ചാണ് കൂടുതൽ വകുപ്പുകൾ ചേർത്ത് റിപ്പോർട്ട് നൽകിയത്.

അധ്യാപിക കൂടിയായ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനുമായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. ഇതും ജാമ്യമില്ലാ വകുപ്പുകളായിരുന്നു. ഇന്നലെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴി പ്രകാരം എംഎൽഎ പരാതിക്കാരിയുടെ കഴുത്തിൽ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്ന് പറയുന്നുണ്ട്

എംഎൽഎ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ കേസെടുത്ത കാര്യം പൊലീസ് കേരള നിയമസഭാ സ്പീക്കർ  എഎൻ ഷംസീറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതേസമയം എംഎൽഎയ്ക്കായി തിരച്ചിൽ തുടരുകയാണ് പൊലീസ്. 

കേസിൽ എംഎൽഎയ്ക്ക് വേണ്ടി കോവളം പൊലീസ് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഉയർന്നത് പൊലീസ് സേനയ്ക്ക് നാണക്കേടായിരുന്നു. അതിനാൽ തന്നെ കേസ് അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് എംഎൽഎക്കെതിരെ നടപടി ശക്തമാക്കുകയാണ്.

കഴിഞ്ഞ ദിവസം പരാതിക്കാരിയിൽ നിന്ന് എട്ട് മണിക്കൂറോളം സമയമെടുത്താണ് മൊഴി രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയത്. പരാതിക്കാരിയുടെ ഫോണ്‍ ഹാജരാക്കാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. തന്റെ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ടെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

കഴിഞ്ഞ മാസം 14ന് കോവളത്ത് വച്ച് മർദ്ദിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. മർദ്ദിക്കുന്ന സമയം എംഎൽഎയുടെ പിഎയും സുഹൃത്തും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇവർ തങ്ങളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരെ ബന്ധപ്പെടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 

സംഭവം നടന്ന ദിവസം എംഎൽഎ കോവളത്തുണ്ടായിരുന്നു. കോവളത്ത് ഗസ്റ്റ് ഹൗസിൽ ഇദ്ദേഹം മുറിയെടുത്തിരുന്നു. അതിനിടെ കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കോവളം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രൈജുവിനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ എസിപി ദിനിലിനാണ് അന്വേഷണ ചുമതല.

എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസിൽ ഇരുട്ടിൽ തപ്പി കെപിസിസി: എം.എൽഎ ഇപ്പോഴും ഔട്ട് ഓഫ് കവറേജ്

Follow Us:
Download App:
  • android
  • ios