തിരുവനന്തപുരം കഴക്കൂട്ടത്തെ ഹോസ്റ്റൽ പീഡന കേസിലെ പ്രതി ബെഞ്ചമിനുമായി തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തെ ഹോസ്റ്റൽ പീഡന കേസിലെ പ്രതി ബെഞ്ചമിനുമായി തെളിവെടുപ്പ് നടത്തി. ഹോസ്റ്റൽ, മോഷണം നടത്തിയ വീടുകൾ, ട്രക്ക് പാർക്ക് ചെയ്ത സ്ഥലം, തുടങ്ങിയ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. 17ന് പുലർച്ചെയാണ് ഉറങ്ങി കിടന്ന പെൺകുട്ടിയെ ബെഞ്ചമിൻ പീഡിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു തെളിവെടുപ്പ്. ആദ്യം എത്തിയത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച ഹോസ്റ്റലിലാണ്. അകത്ത് കയറിയത് എങ്ങനെ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസിനോട് വിശദീകരിച്ചു. 

തുടർന്നാണ് സമീപത്തെ രണ്ട് വീടുകളിൽ എത്തിച്ചത്. അവിടെയും മോഷണ ശ്രമം നടത്തിയിരുന്നു. 17ന് പുലർച്ചെയായിരുന്നു ഐടി ജീവനക്കാരിയെ ലോറി ഡ്രൈവ‌റായ ബെഞ്ചമിൻ പീഡിപ്പിച്ചത്. പെൺകുട്ടി നിലവിളിച്ചതോടെ ഇയാൾ ഇറങ്ങിയോടി. പ്രതി ആര് എന്നത് സംബന്ധിച്ച് യാതൊരു സൂചനയുമില്ലാത്ത പൊലീസിന് നിർണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. അമിതവേഗത്തിൽ ഒരു ലോറി ഹോസ്റ്റലിന് സമീപത്തുകൂടി പോകുന്നത് സിസിടിവിയിൽ പതിഞ്ഞത് ശ്രദ്ധിച്ച പൊലീസ് ആ വഴിയുലൂടെ മുന്നോട്ട് പോയി. പല ക്യാമറകൾ പരിശോധിച്ചപ്പോൾ ബെഞ്ചമിനാണ് പ്രതിയെന്ന് വ്യക്തമായി. 48 മണിക്കൂറിനുള്ളിൽ മധുരയിൽ നിന്ന് പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നു. തമിഴ്നാട്ടിലും മോഷണ കേസിൽ പ്രതിയാണ് ഇയാൾ.

YouTube video player