വൈകുന്നേരം പരിപാടിയുമായി ബന്ധപ്പെട്ട് ഒരു ടെക്നീഷ്യൻ മരണപ്പെട്ടിരുന്നു. ടെക്നീഷ്യൻ മരിച്ച കാര്യം വേടനെ സംഘാടകർ അറിയിച്ചിരുന്നില്ല. പരിപാടിയിൽ എത്തിയ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം: കിളിമാനൂരിൽ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് ഉണ്ടായിരുന്ന റാപ്പർ വേടന്റെ പരിപാടി റദ്ദ് ചെയ്തു. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. ഇന്നലെ രാത്രി 8.30 -നായിരുന്നു പരിപാടി. സ്റ്റേജ് നിർമ്മിച്ചത് വയലിലായിരുന്നു. കൂടാതെ പരിപാടി കാണാൻ വൻ ജനക്കൂട്ടവും എത്തിയിരുന്നു. പൊലീസിന് റോഡിലെയും, പരിപാടി നടന്ന വയലിലെയും തിരക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല.
വൈകുന്നേരം പരിപാടിയുമായി ബന്ധപ്പെട്ട് ഒരു ടെക്നീഷ്യൻ മരണപ്പെട്ടിരുന്നു. ടെക്നീഷ്യൻ മരിച്ച കാര്യം വേടനെ സംഘാടകർ അറിയിച്ചിരുന്നില്ല. ആളുകൾ തിങ്ങി എത്തിയതോടെ പരിപാടിയിൽ എത്തിയ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. അവരെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. അതേസമയം, സംഘാടകർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെയാണ് ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചത്. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചിറയിൽ കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


