തൃശൂരിൽ നിന്നുള്ള എട്ടംഗ സംഘം ക്ഷേത്രനിർമ്മാണ ജോലികൾക്കായിട്ടാണ് കൊൽക്കത്തയിലേക്ക് പോയത്.
തൃശൂർ: തൃശൂരിൽ നിന്നുള്ള എട്ടംഗ സംഘം ക്ഷേത്രനിർമ്മാണ ജോലികൾക്കായിട്ടാണ് കൊൽക്കത്തയിലേക്ക് പോയത്. തൃശൂർ അന്തിക്കാട് സ്വദശി രതീഷിന്റെ തൊഴിലാളികളാണ് ഇവർ. ഇവരിൽ നാലുപേർ കഴിഞ്ഞ ദിവസം നാട്ടിൽ തിരികെ എത്തിയിരുന്നു. അവശേഷിച്ച നാലുപേർ ഇന്നലെ അപകടത്തിൽപെട്ട ട്രെയിനിലെ യാത്രക്കാരായിരുന്നു. അപകടത്തിൽ നിന്ന് ഇവർ പരിക്കുകളോടെ രക്ഷപ്പെട്ടു. എട്ട് പേർക്കും ഒന്നിച്ച് ടിക്കറ്റ് കിട്ടാത്തത് കൊണ്ടാണ് വെവ്വേറെ ട്രെയിനുകളിൽ പോയതെന്ന് രതീഷ് പറയുന്നു. കൂട്ടത്തിലുള്ള ഒരാളാണ് രതീഷിനെ വിളിച്ച് അപകടത്തെക്കുറിച്ച് അറിയിച്ചത്.
രതീഷിന്റെ വാക്കുകളിലേക്ക്, ഇന്നലെ വൈകിട്ട് ആറരക്കാണ് സംഭവം ഞാനറിയുന്നത്. അവരുടെ കൂട്ടത്തിൽ നിന്നൊരാൾ വിളിച്ച് ട്രെയിൻ മറിഞ്ഞു, പാളം തെറ്റി എന്ന് പറഞ്ഞു. കൂട്ടത്തിലുള്ളവരെ കാണാനില്ല എന്ന് പറഞ്ഞാണ് വിളിച്ചത്. പെട്ടെന്ന് എന്താ ചെയ്യേണ്ടതെന്ന് അറിയാതെ വന്നു. പറയുന്നത് വിശ്വസിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്. പിന്നെ റെയിൽവേയിലെ ഉദ്യോഗസ്ഥനെ വിളിച്ചു. പിന്നീടാണ് സംഭവത്തെക്കുറിച്ച് കൂടുതലറിയുന്നത്. തുടർന്ന് കൂട്ടത്തിലുണ്ടായിരുന്ന മറ്റുള്ളവരും വിളിച്ചു. അപകട സ്ഥലത്തേക്ക് പോകാൻ പേടിച്ച് അവർ അടുത്തുള്ള ഒരു വീട്ടിൽ കയറിയിരിക്കുകയായിരുന്നു. നിസ്സാര പരിക്കുകളേ ഉണ്ടായിരുന്നുള്ളൂ. അവരിപ്പോൾ ആശുപത്രിയിലാണുള്ളത്. രതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഭയന്ന് വിറച്ച സ്വരത്തിൽ അപകടത്തെക്കുറിച്ച് അറിയിക്കുന്ന ഓഡിയോ സന്ദേശവും ഏഷ്യാനെറ്റ് ന്യൂസുമായി രതീഷ് പങ്കുവെച്ചു.
കണ്ടശാങ്കടവ് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു, എന്നിവർക്കാണ് പരിക്കേറ്റത്. ഒരു ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്. നാലുപേരുടെയും പരിക്ക് സാരമുള്ളതല്ല. കോറമണ്ഡൽ ട്രെയിനിലെ സ്ലീപ്പർ കമ്പാട്ടുമെന്റിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു തങ്ങളെന്ന് അപകടത്തിൽപ്പെട്ടവരിൽ കിരൺ വ്യക്തമാക്കി. പെട്ടന്നാണ് അപകടമുണ്ടായത്. എമർജൻസി എക്സിറ്റ് വഴിയാണ് പുറത്തേക്കിറങ്ങിയത്. കമ്പാട്ടുമെന്റിൽ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ആളുകൾ അപകടത്തിൽ മരിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരെ പുറത്തേക്ക് എത്തിച്ച ശേഷമാണ് ഞങ്ങൾ രക്ഷപ്പെട്ടതെന്നും കിരൺ പറഞ്ഞു.
അന്തിക്കാട് സ്വദേശികളായ എട്ടുപേരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കൊൽക്കത്തയിലേക്ക് പോയിരുന്നത്. ഇതിൽ കരാറുകാരൻ ഉൾപ്പെടെ നാലുപേർ കഴിഞ്ഞ ദിവസം അന്തിക്കാട് തിരികെയെത്തിയിരുന്നു. ബാക്കി നാലു പേർ ഇന്ന് ട്രെയിനിൽ തിരികെ വരുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടമുണ്ടായതിന് പിന്നാലെ നാല് പേരും സമീപത്തിലുള്ള വീട്ടിൽ അഭയം തേടി. അതിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിച്ചത്. തലയ്ക്കും മുഖത്തിനും പരിക്കേറ്റ നാല് പേരുടെയും നില ഗുരുതരമല്ല.
ഒഡീഷ ട്രെയിന്‍ ദുരന്തം: റെയില്‍വേ മന്ത്രി രാജിവെയ്ക്കണമെന്ന് സുധാകരന്‍

