കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികർക്കിടയിൽ പൊട്ടിത്തെറി. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അതിരൂപതയുടെ ഭരണ ചുമതലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികർ അതിരൂപത ആസ്ഥാനത്ത് ഉപവാസ സമരം ആരംഭിച്ചു. ഭൂമിയിടപാടിൽ കർദ്ദിനാളിനെതിരെ നിലപാടെടുത്ത വൈദികരെ വ്യാജരേഖ കേസിന്‍റെ പേരിൽ വേട്ടയാടുകയാണെന്നും സമരം ചെയ്യുന്ന വൈദികർ ആരോപിക്കുന്നു. 

വിവാദ ഭൂമി ഇടപാടിലും വ്യാജരേഖ കേസ് അടക്കമുള്ള വിഷയങ്ങളിലും കർദ്ദിനാളിനും ഒരു വിഭാഗം വൈദികരും തമ്മിൽ നിലനിൽക്കുന്ന ഭിന്നതയാണ് സഭ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സമരത്തിലേക്ക് നയിച്ചത്. ഭൂമി ഇടപാട് കേസിൽ കർദ്ദിനാളിനെതിരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ച മുൻ വൈദിക സമിതിയിലെ സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് വൈദികർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇന്ന് കർദ്ദിനാളിനെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കാൻ ബിഷപ്പ് ഹൗസിലെത്തിയ വൈദികർ വ്യാജരേഖ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് കർദ്ദിനാൾ സ്വീകരിച്ചത്. വത്തിക്കാന്‍റെ നിർദ്ദേശം നടപ്പാക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും പ്രതിഷേധക്കാരെ അറിയിച്ചു. ഇതിനുപിന്നാലെയാണ് ബിഷപ്പ് ഹൗസിന്‍റെ അകത്തുതന്നെ വൈദികർ ഉപവാസം ഇരിക്കാൻ തീരുമാനിച്ചത്. തങ്ങൾ ഉയർത്തിയ ആവശ്യങ്ങളിൽ സ്ഥിരം സിനഡ് അംഗങ്ങൾ നേരിട്ടെത്തി ചർച്ച നടത്തും വരെ സമരം തുടരും എന്നാണ് വൈദികരുടെ നിലപാട്.

ജോസഫ് പാറേക്കാട്ടിൽ ഫാദർ ആണ് ഉപവാസത്തിന് നേതൃത്വം കൊടുക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ ഫെറോനകളിലെ വൈദികർ സമരത്തിന് പിന്തുണയുമായി ഉപവാസം ഇരിക്കും. എന്നാൽ സമ്മർദ്ദം ചെലുത്തി വ്യാജരേഖ കേസ് പിൻവലിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്ന് കർദ്ദിനാൾ പക്ഷം വ്യക്തമാക്കുന്നു. അനുസരണ വ്രതം തെറ്റിച്ച് സമരം ചെയ്യുന്ന വൈദികർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കർദ്ദിനാളിനെ അനുകൂലിക്കുന്നവർ അതിരൂപത വികാരി ജനറലിന്‌ ഇന്ന് കത്ത് നൽകിയിട്ടുണ്ട്. അതിരൂപതയിലെ അസാധാരണ സാഹചര്യത്തെക്കുറിച്ചു കാർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതികരിച്ചിട്ടില്ല. സ്ഥിരം സിനഡ് ഇപ്പോഴുള്ള സാഹചര്യം വിലയിരുത്തുന്നുണ്ട്. വരും ദിവസം തന്നെ വത്തിക്കാന് സമര വിവരങ്ങൾ കൈമാറാനാണ് നീക്കം.