Asianet News MalayalamAsianet News Malayalam

അക്ഷയ കേരളത്തിന് അംഗീകാരം; പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതി

ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ക്ക് അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്.

recognition for Akshaya keralam
Author
trivandrum, First Published Jan 6, 2021, 2:28 PM IST

തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ക്ക് അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്.

കേരളം നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി അക്ഷയകേരളത്തെ തെരഞ്ഞെടുത്തതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്‍റെ ഭാഗമായി 2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ ആരോഗ്യ വകുപ്പ് 'എന്‍റെ ക്ഷയരോഗമുക്ത കേരളം' എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്ഷയരോഗത്തിനെതിരെയുള്ള ജനകീയ മുന്നേറ്റമായാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ പദ്ധതിയുടെ മൂന്നാംഘട്ടമായാണ് അക്ഷയ കേരളം പദ്ധതി നടപ്പിലാക്കിയത്. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊവിഡ് മഹാമാരി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. രണ്ടിന്‍റേയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം ഉണ്ടായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്താണ് അക്ഷയ കേരളം ഫലപ്രദമായി നടപ്പിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

അക്ഷയ കേരളം പദ്ധതിയുടെ ഭാഗമായി ക്ഷയരോഗ സാധ്യത അധികമുള്ള 66,1470 പേരെ ഭവന സന്ദര്‍ശനത്തിലൂടെ സ്‌ക്രീന്‍ ചെയ്യുകയും രോഗലക്ഷണമുള്ള 37,685 പേരെ ടെസ്റ്റ് ചെയ്യുകയും 802 കേസുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ക്ഷയരോഗം കണ്ടെത്തിയ എല്ലാവര്‍ക്കും ചികിത്സയും പൊതുജനാരോഗ്യ സേവനങ്ങളും സൗജന്യമായി വീടുകളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ക്ഷയരോഗ സാധ്യത അധികമായുള്ള വയോജനങ്ങള്‍, ദീര്‍ഘകാല ശ്വാസകോശ രോഗമുള്ളവര്‍, പ്രമേഹരോഗമുള്ളവര്‍, പുകവലി-അമിത മദ്യപാന ശീലമുള്ളവര്‍, പോഷകാഹാരക്കുറവുള്ളവര്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്കും രണ്ടാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന ചുമ, പനി, ശരീരഭാരം കുറയുക, രാത്രിയില്‍ വിയര്‍ക്കുക എന്നീ ലക്ഷണങ്ങളുള്ളവര്‍ക്കും കൊവിഡ് പരിശോധനയോടൊപ്പം തന്നെ ക്ഷയരോഗ പരിശോധനയും നടത്തുവാന്‍ സംസ്ഥാനം തീരുമാനിച്ചിരുന്നു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ കേരളം നടത്തിയ ക്ഷയരോഗ പര്യവേഷണവും മാതൃകയായി കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തു.

ക്ഷയരോഗ നിയന്ത്രണത്തിന് മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തുകളെ അക്ഷയകേരളം പുരസ്‌ക്കാരം നല്‍കി കഴിഞ്ഞ ഒക്‌ടോബറില്‍ മന്ത്രി ശൈലജ ആദരിച്ചിരുന്നു. തുടര്‍ച്ചയായി 12 മാസം അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ ക്ഷയരോഗമില്ലാത്ത 561 പഞ്ചായത്തുകളെയും ക്ഷയരോഗ ചികിത്സ ഇടക്കുവെച്ചു നിര്‍ത്താത്ത 688 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും ഡ്രഗ് റെസിസ്റ്റന്‍റ് ടിബി ഇല്ലാത്ത 707 തദ്ദേശ സ്ഥാപനങ്ങളെയുമാണ് ആദരിച്ചത്.

Follow Us:
Download App:
  • android
  • ios