ആലുവയിൽ പെരിയാറിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മട്ടാഞ്ചേരി സ്വദേശി ബിലാൽ എന്നു വിളിക്കുന്ന നിസാമുദ്ദിന്‍റെ മൃതദേഹമാണ് മുളവുകാട് ജട്ടിക്ക് സമീപം കരയ്ക്കടിഞ്ഞത്.

തിരുവനന്തപുരം : ശക്തമായ മഴ ലഭിച്ചതോടെ ജലനിരപ്പുയർന്ന സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. ഇടുക്കിയിലെ പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, കുണ്ടള, ഇരട്ടയാർ അണക്കെട്ടുകളിലും പത്തനംതിട്ടയിലെ മൂളിയാർ അണക്കെട്ടിലുമാണ് റെഡ് അലർട്ട്. പെരിങ്ങൽകുത്ത് അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിച്ചു. ഇവിടെ യെല്ലോ അലർട്ടാണെന്നും കെഎസ് ഇബി അറിയിച്ചു. 

സംസ്ഥാനത്ത് അതി ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. കണ്ണൂർ ജില്ലയിലടക്കം പലയിടത്തും ഉരുൾപൊട്ടലുണ്ടായി. കാസർകോടും കണ്ണൂരും ഒഴികെ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മഴ കൂടുതൽ നാശം വിതച്ച ജില്ലകളിലൊന്നായ പത്തനംതിട്ടയിൽ ഇടവിട്ട് മഴ തുടരുകയാണ്. നദികളിൽ ജലനിരപ്പ് കുറഞ്ഞങ്കിലും വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. തിരുവല്ല തിരുമൂലപുരത്ത് 28 വീടുകളിലാണ് വെള്ളം കയറിയത്. 

Kerala Rain: പെരുമഴ ഒഴിയുന്നു, ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട് പിൻവലിച്ചു, ജാഗ്രത തുടരാം

തൃശൂർ പറമ്പിക്കുളത്ത് നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് ആറായിരം ക്യു സെക്സായി കുറച്ചതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് കുറഞ്ഞു. രണ്ട് ദിവസം കൂടി മഴ തുടരുന്നതിനാൽ പുഴയുടെ തീരത്തുള്ളവർ ക്യാമ്പുകളിൽ നിന്നു മടങ്ങില്ല. ജില്ലയിലാകെ 32 ക്യാമ്പുകളിലായി 1268 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ചാവക്കാട്‌ അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്. എറണാകുളം ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. 18 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്. 685 പേരാണ് ക്യാമ്പുകളിലുള്ളത്. 

പെരിയാറിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ആലുവയിൽ പെരിയാറിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മട്ടാഞ്ചേരി സ്വദേശി ബിലാൽ എന്നു വിളിക്കുന്ന നിസാമുദ്ദിന്‍റെ മൃതദേഹമാണ് മുളവുകാട് ജട്ടിക്ക് സമീപം കരയ്ക്കടിഞ്ഞത്. സുഹൃത്തുക്കൾക്കൊപ്പം കുളിയ്ക്കുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് ബിലാലിനെ പെരിയാറിൽ കാണാതായത്. പുഴ മുറിച്ചു കടന്ന് നീന്തുന്നതിനിടെ അവശനായ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു. 

കോട്ടയം ജില്ലയിൽ 30 ദുരിതാശ്വാസ ക്യാമ്പുകൾ 

കാലവർഷം ശക്തമായതിനെ തുടർന്ന് കോട്ടയം ജില്ലയിൽ 30 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്ക് - 16, കാഞ്ഞിരപ്പള്ളി - 5, കോട്ടയം - 9 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.209 കുടുംബങ്ങളിലായി 672 പേർ ക്യാമ്പുകളിലുണ്ട്. ഇതിൽ 288 പുരുഷന്മാരും 279 സ്ത്രീകളും 105 കുട്ടികളുമുൾപ്പെടുന്നു.