വീടുകള്‍ക്ക് നാശമുണ്ടായ 49900 പേര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് തുടങ്ങിയതിൽ 38000ത്തോളം പര്‍ക്ക് ഇനിയും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. എന്തുകൊണ്ട്? ഇരുപതിനായിരത്തോളം പേര്‍ക്ക് സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും ബാങ്കുകളില്‍ നിന്ന് പല കാരണങ്ങളാല്‍ പണം നിഷേധിക്കപ്പെട്ടു.
കോഴിക്കോട്: വയനാട്ടിലെ സനിലിനെപ്പോലെ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടും ബാങ്കുകളില്‍ നിന്ന് തുക നിഷേധിക്കപ്പെട്ട പ്രളയബാധിതരുടെ എണ്ണം സംസ്ഥാനത്ത് ഇരുപതിനായിരത്തോളം വരും. 'ജനപ്രിയ' അക്കൗണ്ടെടുത്തവരാണ് തുക നിഷേധിക്കപ്പെട്ടവരില്‍ പലരും. അനര്‍ഹര്‍ തുക കൈപ്പറ്റാതിരിക്കാന്‍ സര്‍ക്കാര്‍ ഇക്കുറി സ്വീകരിച്ച നടപടിക്രമങ്ങള്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്തു.
വന്യൂ വകുപ്പ് നല്‍കുന്ന കണക്കനുസരിച്ച്, കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തില്‍ നാഷനഷ്ടങ്ങളുണ്ടായ 3.4 ലക്ഷം ആളുകള്‍ക്കാണ് ഇതുവരെ അടിയന്തര ധന സഹായമായ 10000 രൂപ വീതം അനുവദിച്ചത്. വീടുകള്‍ക്ക് നാശമുണ്ടായ 49900 പേര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് തുടങ്ങുകയും ചെയ്തു. എന്നാല്‍ ഇതില്‍ 38000-ത്തോളം പേര്‍ക്ക് ഇനിയും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. പ്രധാനകാര്യം 20000-ത്തോളം പേര്‍ക്ക് സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും ബാങ്കുകളില്‍ നിന്ന് പല കാരണങ്ങളാല്‍ പണം നിഷേധിക്കപ്പെട്ടു എന്നതാണ്.
Read more at: 'മോളുടെ ഫീസിന് പോലും കാശില്ലായിരുന്നു', പ്രളയസഹായം കിട്ടാതെ ആത്മഹത്യ ചെയ്ത സനിലിന്‍റെ കുടുംബം
തൃക്കൈപ്പറ്റയില്‍ ജീവനൊടുക്കിയ സനിലിനപ്പോലെ ജനപ്രിയ അക്കൗണ്ട് എടുത്ത പലര്‍ക്കും തുക കിട്ടിയില്ല. ദുര്‍ബല വിഭാഗങ്ങള്‍ക്ക് കെ വൈ സി രേഖകള്‍ ഇല്ലാതെ തന്നെ തുടങ്ങാവുന്നതാണ് ജനപ്രിയ അക്കൗണ്ടുകള്‍. എന്നാല്‍ ഇത്തരം അക്കൗണ്ടുകളില്‍ 50000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാനാകില്ല. സനിലിന്‍റെ ഭാര്യയുടെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ കഴിഞ്ഞ നവംബറില്‍ തന്നെ സര്‍ക്കാര്‍ നിക്ഷേപിച്ചെങ്കിലും ജനപ്രിയ അക്കൗണ്ടായതിനാല്‍ നിഷേധിക്കപ്പെടുകയായിരുന്നു.
സീറോ ബാലന്‍സ് ഉളളവര്‍ക്കും ബാങ്കുകളില്‍ പണം നിഷേധിക്കപ്പെട്ടു. ഐഎഫ്എസ്ഇ കോഡിലെ തെറ്റുകളും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയിലെ നമ്പർ ചേര്‍ക്കുന്നതില്‍ വന്ന പാകപ്പിഴകളും വില്ലനായി. പ്രളയബാധിതര്‍ക്ക് ബാങ്കുകളില്‍ നിന്ന് തുക നിഷേധിക്കപ്പെട്ട പ്രശ്നം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ ജനുവരിയില്‍ ജില്ലാ കളക്ടർമാർക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും കാര്യമായ ഇടപെടലൊന്നും ഉണ്ടായില്ല.
അനര്‍ഹര്‍ തുക കൈപ്പറ്റുന്നത് ഒഴിവാക്കാനായി ഇക്കുറി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകുകയും ചെയ്തു. ഓഗസ്റ്റിലെ പ്രളയത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് ഡിസംബര്‍ മുതലാണ് പണം അനുവദിച്ച് തുടങ്ങിയത്. 2018 ല്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ജില്ലാ കളക്ടറേറ്റില്‍ നിന്ന് നല്‍കുന്ന ഗുണഭോക്തൃ പട്ടികയ്ക്ക് ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ നിന്നായിരുന്നു അനുമതി നല്‍കിയത്.