വിസിയുടെ ഉത്തരവ് തള്ളി കേരള സർവകലാശാലയിലെത്തി റജിസ്ട്രാർ കെ എസ് അനിൽകുമാർ.
തിരുവനന്തപുരം: വിസിയുടെ ഉത്തരവ് തള്ളി കേരള സർവകലാശാലയിലെത്തി റജിസ്ട്രാർ കെ എസ് അനിൽകുമാർ. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അനിൽകുമാർ പറഞ്ഞു. മിനി കാപ്പന് റജിസ്ട്രാർ ചുമതല നൽകി കൊണ്ട് വിസി മോഹൻ കുന്നുമ്മേൽ ഉത്തരവിറക്കിയിരുന്നു. അനിൽ കുമാർ എത്തിയാൽ തടയാനും സുരക്ഷ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ വിലക്കുകളെയെല്ലാം മറികടന്നാണ് റജിസ്ട്രാർ അനിൽകുമാർ കേരള സർവകലാശാലയിലെത്തി ഓഫീസിൽ പ്രവേശിച്ചത്. വിസിയുടെ നിര്‍ദേശ പ്രകാരം റജിസ്ട്രാറെ തടയാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
അവധി ചോദിച്ച റജിസ്ട്രാർ അനിൽ കുമാറിനോട്, സസ്പെൻഷനിലായ റജിസ്ട്രാർക്ക് എന്തിനാണ് അവധി എന്നായിരുന്നു വിസി മോഹൻ കുന്നുമലിന്‍റെ ചോദ്യം. തന്‍റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി എന്നായിരുന്നു റജിസ്റ്റാറുടെ മറുപടി.
ജൂലൈ 9 മുതലാണ് റജിസ്ട്രാർ അവധിക്ക് അപേക്ഷിച്ചത്. തന്‍റെ ചുമതല പരീക്ഷ കൺട്രോളർക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സസ്പെൻഷനിലിരിക്കുമ്പോൾ അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തിയെന്ന ചോദ്യമാണ് വിസി മോഹൻ കുന്നുമ്മൽ മറുപടിയായി നൽകിയത്.
വിസിയുടെ മറുപടിക്ക് അധികം വൈകാതെ തന്നെ അനിൽകുമാർ മറുപടിയും നൽകി. താൻ സസ്പെൻഷനിൽ അല്ലെന്നും തന്‍റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയതാണെന്നും അനിൽകുമാർ ഇമെയിലിൽ ചൂണ്ടിക്കാട്ടി. സസ്പെൻഷൻ പരിശോധിക്കേണ്ടത് സിൻഡിക്കേറ്റാണ്. ഹൈക്കോടതിയും ഉചിതമായ ഫോറം പരിശോധിക്കാനാണ് നിർദേശിച്ചത്. അവധി അപേക്ഷ നൽകിയത് അനിശ്ചിതകാലത്തേക്ക് അല്ലെന്നും റജിസ്ട്രാർ തന്‍റെ രണ്ടാമത്തെ ഇമെയിലിൽ വിശദീകരിച്ചു.



