തിരുവനന്തപുരം: സ്വന്തം പുരയിടത്തില്‍ നിന്നുള്ള മണ്ണെടുപ്പ് തടഞ്ഞ ഗൃഹനാഥനെ ജെസിബി കൊണ്ട് അടിച്ചു കൊന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് കൊലപ്പെട്ട സംഗീതിന്‍റെ കുടുംബം രംഗത്ത്. സംഗീതിന്‍റെ കൊലപാതകത്തെക്കുറിച്ച് പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ഇന്നലെ പുലര്‍ച്ചെ വിവരമറിയിച്ചപ്പോള്‍ തന്നെ കാട്ടാക്കട പൊലീസ് സ്ഥലത്ത് എത്തിയിരുന്നുവെങ്കില്‍ സംഗീത് കൊലപ്പെട്ടിലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

പൊലീസ് സമയബന്ധിതമായി ഇടപെട്ടിരുന്നുവെങ്കില്‍ സംഗീതിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഘര്‍ഷം ഒരുപാട് നേരം നീണ്ടു നില്‍ക്കുകയും പിന്നീട് ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്ത ശേഷമാണ് കാട്ടാക്കട പൊലീസ് എത്തിയതെന്നും സംഗീതിന്‍റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മണല്‍മാഫിയക്കാരും സംഗീതും തമ്മില്‍ വക്കേറ്റമുണ്ടായപ്പോള്‍ തന്നെ ആദ്യം സംഗീതും പിന്നെ സംഗീതിന്‍റെ ഭാര്യയും കാട്ടാക്കട പൊലീസിനെ വിളിച്ചു വിവരം പറഞ്ഞിരുന്നുവെന്നും എന്നാല്‍ പൊലീസ് വന്നില്ലെന്നും സംഗീതിന്‍റെ സഹോദരിയുടെ ഭര്‍ത്താവ് പ്രവീണ്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരണം നടന്നിട്ടും ഇന്നും കാട്ടാക്കട പൊലീസ് ഈ വഴി തിരിഞ്ഞു നോക്കിയിട്ടില്ല. സംഭവത്തില്‍ പരാതിയുമായി ഉടന്‍ ഡിജിപിയെ കാണുമെന്നും കുറ്റക്കാര്‍ക്കെതിരെ ഏതറ്റം വരേയും പോകുമെന്നും സംഗീതിന്‍റെ ബന്ധുക്കള്‍ പറയുന്നു.