ദുരിതാശ്വാസ നിധി തട്ടിപ്പിന്റെ ഇടനിലക്കാരെന്ന് സംശയിക്കുന്ന പലരും വിജിലൻസ് പിടിമുറുക്കിയതോടെ മുങ്ങിയിട്ടുണ്ട്

തിരുവനന്തപുരം : അർഹതയില്ലാത്തതിന്‍റെ പേരിൽ അപേക്ഷ നിരസിക്കപ്പെട്ട വ്യക്തിക്ക് പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയതായി വിജിലൻസ് കണ്ടെത്തൽ. 4 ലക്ഷം രൂപയാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയുടെ അക്കൗണ്ടിലേക്കെത്തിയത്. ഇടനിലക്കാരുടെ ഇടപെടലാണ് പിന്നിലെന്നാണ് സംശയം . അതേസമയം ഫണ്ട് തട്ടിപ്പിൽ വിശദമായ അന്വേഷണം തുടരാനും ചികിത്സാസഹായത്തിനായി സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാരെ ചോദ്യം ചെയ്യാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്

ഓപ്പറേഷൻ ഡിഎംഡിആർഫിൻെറ ഭാഗമായി കൊല്ലം കളക്ടറേറ്റിൽ നടത്തിയ പരിശോധനയിൽ വീടിൻെറ അറ്റകുറ്റപ്പണിയ്ക്കായി കൊല്ലം ശാസാതാംകോട്ട കാരാളിമുക്ക് സ്വദേശിക്ക് നാലു ലക്ഷം രൂപ അനുവദിച്ചതായി കണ്ടെത്തി. അപേക്ഷയിൽ സംശയം തോന്നിയ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തി. വീടിൻെറ കേട് പാട് പരിഹരിച്ചില്ലെന്ന് കണ്ടെത്തി. 2020ൽ വില്ലേജ് ഓഫീസിൽ പോയി അപേക്ഷ നൽകിയെങ്കിലും അര്‍ഹനല്ലെന്ന് അറിയിച്ച് തിരിച്ചയച്ചെന്നാണ് വീട്ടുടമയുടെ മൊഴി. പക്ഷെ ഇയാളുടെ ബാക്ക് അക്കൗണ്ടിൽ നാല് ലക്ഷം രൂപ എത്തിയിട്ടുണ്ടെന്ന് വിജിലൻസ് സ്ഥിരീകരിച്ചു. 

തിരിച്ചയച്ച അപേക്ഷകന് എങ്ങനെ ദുരിതാശ്വാസം കിട്ടിയെന്നതിലാണ് ദുരൂഹത. വീട്ടുടമയുടെ മൊഴിയിലെ വിശ്വാസ്യത മുതൽ വ്യാജ രേഖ ഉണ്ടാക്കി പണം തട്ടാനുള്ള സാധ്യത വരെ എല്ലാം അന്വേഷിക്കാനാണ് വിജിലൻസ് തീരുമാനം. വലിയ തുകയായതിനാൽ അപേക്ഷ തീര്‍പ്പാക്കേണ്ടത് സര്‍ക്കാരാണ്. ആരുടെ അപേക്ഷ എങ്ങനെ പരിഗണിച്ചു തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ച് നടപടി എടുക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതിനിടെ ദുരിതാശ്വാസ തട്ടിപ്പിന്റെ ഇടനിലക്കാരെന്ന് സംശയിക്കുന്ന പലരും വിജിലൻസ് പിടിമുറുക്കിയതോടെ മുങ്ങിയിട്ടുണ്ട്. സമഗ്ര അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം

ദുരിതാശ്വാസ നിധി: 'സർക്കാരിനെ പറ്റിച്ചിട്ടില്ല'; അപേക്ഷ നൽകിയത് വിഡി സതീശന്റെ ഓഫീസ് മുഖേനയെന്ന് വെളിപ്പെടുത്തൽ