ദുരിതാശ്വാസത്തിന് പണം ആവശ്യപ്പെട്ട് വയനാട് കളക്ടറുടെ ചിത്രം വെച്ച് വാട്സ്ആപ്പ് വഴി തട്ടിപ്പ്, കേസെടുത്തു
പണം ആവശ്യപ്പെട്ട് കളക്ടറുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ വച്ചാണ് വാട്സ്ആപ്പ് വഴി പണം തട്ടിപ്പ് നടന്നത്. കളക്ടറുടെ പരാതിയിൽ സൈബർ പൊലീസ് കേസ് എടുത്തു.
കൽപ്പറ്റ : മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ബാധിതർക്കുളള സഹായ പിരിവുമായി ബന്ധപ്പെട്ട് വയനാട് കളക്ടർ മേഘശ്രീയുടെ പേരിൽ തട്ടിപ്പ്. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ദുരിതാശ്വാസത്തിന് പണം ആവശ്യപ്പെട്ട് കളക്ടറുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ വച്ചാണ് വാട്സ്ആപ്പ് വഴി പണം തട്ടിപ്പ് നടന്നത്. കളക്ടറുടെ പരാതിയിൽ സൈബർ പൊലീസ് കേസ് എടുത്തു.
അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കൂ
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെറുതെയുള്ള സന്ദർശനങ്ങൾ ക്യാമ്പുകളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെയും ശുചിത്വത്തെയും ക്യാമ്പിൽ കഴിയുന്നവരുടെ സ്വകാര്യതയെയും ബാധിക്കും. രക്ഷാപ്രവർത്തകർക്കും ദുരിത ബാധിതർക്കുമുള്ള ഭക്ഷണം കൃത്യമായി എത്തിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിലേക്കും മറ്റും ഭക്ഷണവുമായി വലിയ സംഘങ്ങൾ എത്തുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
വയനാട്ടിൽ നാളെ മുതൽ സ്കൂളുകൾ തുറക്കാം
നാളെ മുതൽ വയനാട്ടിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും. വയനാട് ജില്ലയിൽ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറക്കാമെന്ന് കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാകും നാളെ അവധിയെന്നും കളക്ടർ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. വയനാടടക്കം 3 ജില്ലകളിൽ നാളെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയായിരിക്കും. തൃശൂർ, മലപ്പുറം ജില്ലകളിലെ കളക്ടർമാരാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം പാലക്കാട് പോത്തുണ്ടി ജി എൽ പി എസിനും നാളെ അവധിയായിരിക്കും.