കൊച്ചി: റിമാന്‍ഡില്‍ കഴിയവേ ജയിലില്‍ വെച്ച് മരിച്ച ഷഫീക്കിന്‍റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക നിഗമനം. തലയുടെ മുൻഭാഗത്ത് ക്ഷതമേറ്റിട്ടുണ്ട്. ഇടതുകണ്ണിന് മുകളിലായാണ് മുറിവ്. ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചു. പരിക്കുണ്ടാകാന്‍ കാരണം വീഴ്‍ച മൂലമാണോ മര്‍ദ്ദനം മൂലമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. 

പ്രതിയെ റിമാന്‍റില്‍ പ്രവേശിപ്പിച്ചിരുന്ന ബോർസ്റ്റൽ സ്‌കൂളിലും ജനറൽ ആശുപത്രിയിലുമെത്തി ഡിഐജി സാം തങ്കയ്യന്‍റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. റിമാന്‍റിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീക്കിന്‍റെ മരണകാരണം  മർദനമേറ്റതാണെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണത്തിന് ജയിൽ ഡിജിപി ഋഷിരാജ് സിങ് ഉത്തരവിട്ടത്. 

നാളെ കോട്ടയം മെഡിക്കൽ കോളേജിലും തെളിവെടുപ്പ് നടത്തിയ ശേഷമാകും ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കുക. അപസ്മാരവും ഛർദിയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ ശാസ്‌ത്രക്രിയക്ക് വിധേയമാക്കും മുമ്പാണ് മരിച്ചത്. തലയ്ക്ക് പിന്നിൽ മുറിവുകൾ ഉണ്ടെന്നും ഇത് പൊലീസ് മർദ്ദനത്തിൽ ഉണ്ടായതാണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.