പിണറായിസം ജനങ്ങൾ അംഗീകരിച്ചെന്നും എംവി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തിരുവനന്തപുരം: കെ സി വേണുഗോപാലിന് മറുപടിയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെയാണ് കെസി വേണുഗോപാൽ ഇന്നലെ നടത്തിയ പരാമർശമെന്നായിരുന്നു എംവി ജയരാജന്റെ മറുപടി. രാജ്യസഭയിൽ ബിജെപിക്ക് ഒരു സീറ്റ് നൽകിയതാണ് കെ സി വേണുഗോപാലിന്‍റെ ചതിയെന്നും ജയരാജൻ പറഞ്ഞു. സതീശനിസം അഥവാ അവനവനിസം ആണ് യുഡിഎഫിൽ നടക്കുന്നതെന്ന് ലീഗ് പറയുന്നു. പിണറായിസം ജനങ്ങൾ അംഗീകരിച്ചെന്നും എംവി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
മലപ്പുറം ജില്ലക്കെതിരെ വലിയ ചതിപ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രിയെന്നായിരുന്നു കെ സി വേണുഗോപാലിന്‍റെ കുറ്റപ്പെടുത്തൽ. സ്വര്‍ണക്കടത്തിന്‍റെയും കള്ളപ്പണത്തിന്‍റെയും നാടെന്ന് പറഞ്ഞ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു. ആ ചതിപ്രയോഗം നടത്തിയത് മറക്കാനാവില്ലെന്ന് കെ സി വേണുഗോപാല്‍ മലപ്പുറത്ത് പറഞ്ഞു. ചതിയെന്ന വാക്ക് ഉപയോഗിക്കാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ സി കുറ്റപ്പെടുത്തി. നിലമ്പൂരിലെ യുഡിഎഫ് കണ്‍വെന്‍ഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


