പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എം പി ഒഡീഷ മുഖ്യമന്ത്രിക്ക് കത്തയച്ചു.
ദില്ലി: ഒഡിഷയിൽ മലയാളി കത്തോലിക്ക വൈദികർക്കെതിരായ ആക്രമണത്തിൽ പ്രതികരിച്ച് കെസി വേണുഗോപാൽ എംപി. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എം പി ഒഡീഷ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഒഡീഷയിലെ സംബൽപൂർ ജില്ലയിൽ തൊണ്ണൂറുകാരനായ ഒരു വൃദ്ധ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളി കത്തോലിക്കാ വൈദികർ ക്രൂരപീഡനങ്ങൾക്കിരയായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായി നടക്കുന്ന അക്രമങ്ങളിൽ ഏറ്റവും ഒടുവിലത്തെതാണിത് എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ 22 നാണ് വൈദികർക്കെതിരെയുള്ള അതിക്രമം നടന്നത്.
ഒഡിഷയിൽ മലയാളി വൈദികർ ആക്രമിക്കപ്പെട്ടത് സംഭവിക്കാൻ പാടില്ലാത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. കൊച്ചി മഞ്ഞുമ്മൽ ആശുപ്തരിയിൽ ചികിത്സയിൽ കഴിയുന്ന വൈദികരെ സതീശൻ സന്ദർശിച്ചു. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായ ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്തുണ നൽകുന്നവർ ക്രിസ്മസ് ദിനത്തിൽ കേക്കുമായി എത്തുന്നു. അവരെ തിരിച്ചറിയണമെന്ന് സന്ദർശനത്തിന് ശേഷം പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.


