Asianet News MalayalamAsianet News Malayalam

'ദില്ലിയില്‍ നടന്നത് പാര്‍ലമെന്‍റിനുള്ളിലും സംഭവിക്കുമോയെന്ന് ഭയപ്പെടുന്നു': രമ്യ ഹരിദാസ്

പാര്‍ലമെന്‍റില്‍ സംഭവിച്ച കയ്യാങ്കളിയെക്കുറിച്ച് കോണ്‍ഗ്രസിന്‍റെ മലയാളി എംപി രമ്യ ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുന്നു

remya haridas says parliament is no safe
Author
Delhi, First Published Mar 3, 2020, 3:42 PM IST

ദില്ലി: ദില്ലി കലാപം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ പാര്‍ലമെന്‍റില്‍ നടത്തിയ പ്രതിഷേധം ഇന്നും സഭയില്‍ കയ്യാങ്കളിയിലെത്തി. അച്ചടക്കലംഘനമുണ്ടായാൽ എംപിമാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള മുന്നറിയിപ്പ് നല്‍കി.

സഭ നടക്കുന്നതിനിടെ, ഇരിക്കുന്ന പക്ഷത്ത് നിന്ന് മറുപക്ഷത്തേക്ക് പോയാൽ എംപിമാരെ ഒരു സമ്മേളനക്കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്യുമെന്നും പ്ലക്കാർഡുകളും ബാനറുകളുമായി സഭയിലേക്ക് വരാൻ പാടില്ലെന്നും ഓം ബിർള വ്യക്തമാക്കി. കടുത്ത പ്രതിഷേധവുമായാണ് പ്രതിപക്ഷം ഈ തീരുമാനങ്ങളോട് പ്രതികരിച്ചത്. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷബഹളം വെച്ചു. 

ലോക്സഭയിൽ വീണ്ടും കയ്യാങ്കളി; രമ്യയും ബിജെപി എംപിയും തമ്മിൽ ഉന്തും തള്ളും, ഗേറ്റിൽ അടിച്ച് പ്രതാപൻ

ലോക്സഭയില്‍ മലയാളി എംപി രമ്യാഹരിദാസിനെയടക്കം കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടന്നു. ദില്ലിയില്‍ പാര്‍ലമെന്‍റിന് പുറത്ത്, എന്താണോ സംഭവിക്കുന്നത് അത് പാര്‍ലമെന്‍റിന് ഉള്ളിലും സംഭവിക്കുമോയെന്ന് ആശങ്കപ്പെടുന്നതായാണ് പാര്‍ലമെന്‍റില്‍ സംഭവിച്ച കയ്യാങ്കളിയെക്കുറിച്ച് കോണ്‍ഗ്രസിന്‍റെ മലയാളി എംപി രമ്യ ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.


രമ്യ ഹരിദാസിന്‍റെ പ്രതികരണം  

'കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ ദില്ലി വിഷയം ചര്‍ച്ചയ്ക്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഹോളി കഴിഞ്ഞ് ചര്‍ച്ചയ്ക്കെടുക്കാമെന്നാണ് സ്പീക്കര്‍ നിലപാടെടുത്തത്. ഇത്രയേറെ പ്രധാനപ്പെട്ട ഒരു വിഷയം, ഇത്രയേറെ ജനങ്ങള്‍ മരിച്ച ഒരു വിഷയം, ഹോളികഴിഞ്ഞ് ചര്‍ച്ച ചെയ്താല്‍ മതിയാവില്ലല്ലോ. വിഷയം ചര്‍ച്ച ചെയ്യണമെന്ന് വീണ്ടും സ്പീക്കരോട് ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയത്ത് സഭയില്‍ ഒരു ബില്ല് പാസാക്കി. യാതൊരു പ്രൊസീജറും പാലിക്കാതെയാണ് ബില്‍ ചര്‍ച്ചയ്ക്കെടുത്തത്. 

ഈ സമയത്ത് ബിജെപിയുടെ എംപിമാര്‍ ഞങ്ങളെ തടഞ്ഞു. അതില്‍ വനിതാ എംപിമാരുമുണ്ടായിരുന്നു. സഭയില്‍ മുദ്രാവാക്യം വിളിക്കാന്‍ പറ്റുന്നില്ല, പ്ലക്കാര്‍ഡുകളെടുക്കാന്‍ പറ്റുന്നില്ല. ജനാധിപത്യരീതിയിലല്ല പാര്‍ലമെന്‍റ് പോകുന്നത്. ദില്ലിയില്‍ പാര്‍ലമെന്‍റിന് പുറത്ത്, എന്താണോ സംഭവിക്കുന്നത് അത് പാര്‍ലമെന്‍റിന് ഉള്ളിലും സംഭവിക്കുമോയെന്ന് ആശങ്കപ്പെടുന്നതായും' രമ്യ ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

"

 

Follow Us:
Download App:
  • android
  • ios