ദില്ലി: ദില്ലി കലാപത്തെച്ചൊല്ലി ഉടൻ ചർച്ച വേണമെന്നാവശ്യപ്പെട്ട് ഇന്നും ലോക്സഭയിൽ കയ്യാങ്കളി. ആലത്തൂർ എംപി രമ്യാ ഹരിദാസും ബിജെപി വനിതാ എംപിയുമായി ഇന്നും കയ്യാങ്കളി നടന്നു. പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതിനിടെ, സെക്രട്ടറി ജനറലിന്‍റെ ഇരിപ്പിടത്തിനടുത്തുള്ള ഗേറ്റ് അടിച്ചു തകർക്കാൻ ടി എൻ പ്രതാപൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

ഇനി അച്ചടക്കലംഘനമുണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും, ഒരു വശത്ത് നിന്ന് ഇറങ്ങി മറുവശത്തേക്ക് എംപിമാർ പോയാൽ ഈ സമ്മേളനക്കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്യുമെന്നും ഇന്ന് രാവിലെ സ്പീക്കർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഒപ്പം സഭയിലേക്ക് പ്ലക്കാർഡുകളും പോസ്റ്ററുകളും കൊണ്ടുവരരുതെന്നും ഇന്നലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ നിർദേശിച്ചു. എന്നാലിതിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമുയർത്തിയതിനെത്തുടർന്ന് ഉച്ച വരെ സഭ നിർത്തിവച്ചിരിക്കുകയായിരുന്നു.

ദില്ലി കലാപത്തെക്കുറിച്ച് ഇന്ന് ചർച്ചയ്ക്ക് തയ്യാറാണെന്ന് രാവിലെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നെങ്കിലും ഉച്ചതിരിഞ്ഞ് സഭ വീണ്ടും ചേർന്നപ്പോൾ ഹോളി അവധിക്ക് ശേഷം ചർച്ചയാകാമെന്ന് സ്പീക്കർ നിലപാടെടുത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഹോളി അവധിക്ക് ശേഷം മാർച്ച് 11-ന് ചർച്ചയാകാമെന്ന് സ്പീക്കർ പറ‌ഞ്ഞു. ഹോളി ജനങ്ങൾ സൗഹാർദപരമായി ആഘോഷിക്കട്ടെ എന്നായിരുന്നു സ്പീക്കർ പറഞ്ഞത്. പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി. 

Read more at: എംപിമാർ മറുവശത്തേക്ക് പോയാൽ സസ്പെൻഷൻ, പ്ലക്കാർഡും പാടില്ലെന്ന് സ്പീക്കർ, ബഹളം

അതിന് ശേഷമാണ് കയ്യാങ്കളിയടക്കമുള്ള സംഭവങ്ങളുണ്ടായത്. ലോക്സഭയിൽ ബില്ല് പാസ്സാക്കാനുള്ള നടപടികൾ മുന്നോട്ടുപോവുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചു. പ്രതിപക്ഷം ഒരു വശത്ത് നിന്ന് മുദ്രാവാക്യം വിളികൾ തുടങ്ങി. അപ്പോഴും നടപടികൾ നിർത്താൻ സ്പീക്കർ തയ്യാറായില്ല. ഇതോടെ ലോക്സഭയിലെ പ്രതിപക്ഷനേതാവായ അധിർ രഞ്ജൻ ചൗധുരി സ്പീക്കറുടെ വിലക്ക് ലംഘിച്ച് മറുവശത്തേക്ക് ഓടി. ഭരണപക്ഷത്തിന്‍റെ ഭാഗം വഴി സ്പീക്കറുടെ ചേംബറിലേക്ക് കയറാൻ ശ്രമിച്ചു. 

ഇതോടെ, ചൗധുരിയെ തടയാൻ ബിജെപി എംപിമാർ നടുത്തളത്തിലേക്ക് ഇറങ്ങി. സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ഒരു സംഘം ബിജെപി വനിതാ എംപിമാർ നടുത്തളത്തിലിറങ്ങി നിന്നു. പ്രതിപക്ഷ എംപിമാർ മറുവശത്തേക്ക് കടക്കുന്നത് തടയാനായിരുന്നു ശ്രമം. അവിടേക്ക് കേരളത്തിൽ നിന്നുള്ള എംപിമാരടക്കം എത്തി, ഈ പ്രതിരോധം മറികടക്കാൻ ശ്രമിച്ചു. 

ഇതിനിടെയാണ് ഒരു ബിജെപി എംപിയും രമ്യാ ഹരിദാസ് എംപിയും തമ്മിൽ കയ്യാങ്കളിയുണ്ടായത്. രമ്യാ ഹരിദാസിനെ പിടിച്ചുവയ്ക്കാൻ ഈ ബിജെപി എംപി ശ്രമിച്ചു. കുതറിമാറി മുന്നോട്ട് കുതിക്കാൻ രമ്യാ ഹരിദാസും ശ്രമിച്ചു. ഇതോടെ അവരെ പിന്നോട്ട് തള്ളാൻ ബിജെപി എംപി ശ്രമിച്ചു. ഇതോടെ കയ്യാങ്കളിയുണ്ടായി.

ഇതിനിടെയാണ് സ്പീക്കറുടെ മുന്നിലുള്ള ചെറിയ വാതിൽ ടി എൻ പ്രതാപൻ അടിച്ചു തകർക്കാൻ ശ്രമിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നിൽ സെക്രട്ടറി ജനറൽ ഇരിക്കുന്നതിന് അടുത്തുള്ള വാതിലാണിത്. ഇതാണ് ടി എൻ പ്രതാപൻ അടിച്ചു തകർക്കാൻ ശ്രമിച്ചത്. ഒരു വശത്ത് ബിജെപി എംപിമാർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. മറുവശത്ത് ടി എൻ പ്രതാപനെതിരെ പ്രതിഷേധം. ഇതോടെ ബഹളം പാരമ്യത്തിലെത്തി. ഈ സാഹചര്യത്തിലാണ് സഭാ നടപടികൾ സ്പീക്കർ നിർത്തിവച്ചത്.

അച്ചടക്കം ലംഘിച്ച എംപിമാർക്കെതിരെ സഭ വീണ്ടും ചേരുമ്പോൾ സ്പീക്കർ നടപടിയെടുക്കുമോ എന്നതാണ് നിർണായകം.