വിവാദങ്ങൾക്കും രാജി ആവശ്യങ്ങൾക്കുമിടെ രഞ്ജിത്ത് വയനാട്ടിലെ റിസോർട്ടിൽ
വിവാദങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. നടിയുടെ ആരോപണത്തിന് കഴിഞ്ഞ ദിവസം രഞ്ജിത്ത് നൽകിയ വിശദീകരണം നടി തള്ളിയിരുന്നു.
ൽപ്പറ്റ: ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ലൈംഗിക ആരോപണ വിവാദത്തിനിടെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് വയനാട്ടിലെ റിസോർട്ടിലെത്തി. ഔദ്യോഗിക വാഹനത്തിലാണ് രഞ്ജിത്ത് റിസോർട്ടിൽ എത്തിയിരിക്കുന്നത്. വിവാദങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. അതേസമയം നടിയുടെ ആരോപണത്തിന് കഴിഞ്ഞ ദിവസം രഞ്ജിത്ത് നൽകിയ വിശദീകരണം നടി തള്ളിയിരുന്നു.
സിനിമയുടെ ഓഡിഷന് വേണ്ടിയാണ് ശ്രീലേഖ മിത്രയെ വിളിച്ചിരുന്നുവെന്നും കഥാപാത്രത്തിന് ചേരാത്തതിനാൽ മടക്കിയയച്ചുവെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാൽ ഇത് നടി നിഷേധിച്ചു. താൻ കേരളത്തിൽ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തിൽ അഭിനയിക്കാൻ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് ആവർത്തിച്ചു. ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. പക്ഷേ പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാൻ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാൻ തയാറായാൽ പരാതിയുമായി മുന്നോട്ട് പോകും. സംഭവിച്ചത് തെറ്റായി എന്നെങ്കിലും രഞ്ജിത്ത് പറയണമെന്നും അവർ ആവർത്തിച്ചു.
അതേസമയം ആരോപണം മാത്രമാണ് രഞ്ജിത്തിനെതിരെ ഉള്ളതെന്നും പരാതി ലഭിച്ചാൽ മാത്രം നടപടിയെന്നും രാവിലെ വിശദീകരിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ആരോപണം തെളിഞ്ഞാൽ രഞ്ജിത്തിനെതിരെ നടപടി ഉറപ്പാണെന്ന് പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അബിൻ വർക്കി രഞ്ജിത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം