തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിൻ ഇറങ്ങുന്നവർക്ക് ഇനി ടാക്സിയോ ഓട്ടോയോ കാത്തു നിന്ന് വലയേണ്ട. യാത്രക്കാർക്ക് ആശ്വാസമായി റെയിൽവെയുടെ റെന്റ് എ കാർ സംവിധാനത്തിന് തുടക്കമായി. ഇന്ത്യൻ റെയിൽവെയിൽ ഇതാദ്യമായാണ് റെന്റ് എ കാർ സംവിധാനം വരുന്നത്.  

തിരുവനന്തപുരം ഡിവിഷന് കീഴിലെ നാല് സ്റ്റേഷനുകളിലാണ് പരീക്ഷണാർത്ഥം സർവീസ് തുടങ്ങുന്നത്. തിരുവനന്തപുരം സെൻട്രൽ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തൃശ്ശൂർ എന്നിവിടങ്ങലിലാണ് സംവിധാനം. ഇൻഡസ് ഗോ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി. യാത്ര പുറപ്പെടും മുൻപോ സ്റ്റേഷനിൽ ഇറങ്ങിയ ശേഷമോ ടാക്സി ബുക്ക് ചെയ്യാം.

ഇൻഡസ് ഗോ.ഇൻ വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ്. ഓൺലൈൻ വഴി മുൻകൂർ പണമടയ്ക്കണം. 500 രൂപയ്ക്ക്  5 മണിക്കൂർ ദൂരം യാത്ര ചെയ്യാം. അയ്യായിരം രൂപ ഡെപോസിറ്റും അടയ്ക്കണം. മാസ അടിസ്ഥാനത്തിലും ബുക്കിംഗുണ്ട്. ഒരു സ്റ്റേഷനിൽ നിന്നും എടുത്ത വണ്ടി മറ്റൊരു സ്റ്റേഷനിൽ തിരിച്ചേൽപിച്ചാൽ മതി എന്നതാണ് മറ്റൊരു പ്രത്യേകത.

യാത്രക്കാർക്ക് കൂടുതൽ സൗകര്യവും റെയിൽവെയ്ക്ക് കൂടുതൽ വരുമാനവും നൽകുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിലാണ് 4 സ്റ്റേഷനുകളിൽ നടപ്പാക്കുന്നത്. 5 കാർ വീതമാണ് ഓരോ സ്റ്റേഷനിലും സർവീസ് നടത്തുക. മൂന്ന് മാസത്തിനു ശേഷം പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.