തിരുവനന്തപുരം: നിര്‍മ്മാണ മേഖലയിലെ ചൂഷണം ഒഴിവാക്കാന്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നടപടി കര്‍ശനമാക്കുന്നു. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഫ്ളാറ്റുകളുടേയും  വില്ലകളുടേയും  പരസ്യവും  വില്‍പ്പനയും ഇനി അനുവദിക്കില്ല. ഇത്തരം പ്രോജക്ടുകളുടെ നിര്‍മ്മാണ ചെലവിന്‍റെ 10 ശതമാനം വരെ പിഴ ഈടാക്കുമെന്ന് കാണിച്ച് മുന്നറിയിപ്പ് നോട്ടീസ് പുറത്തിറക്കി.

റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി അഥവാ റെറ കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് നിലവില്‍ വന്നത്. നിലവില്‍ നിര്‍മ്മാണത്തിലുള്ളതും, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്  കിട്ടിയിട്ടില്ലാത്തതുമായ എല്ലാ പദ്ധതികളും റെറയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ.

അംഗീകരിച്ച ഒറിജിനല്‍ പ്ലാനുകള്‍, ഇടപാടുകാരില്‍ നിന്നു കൈപ്പറ്റിയ തുകയുടെ വിവരങ്ങള്‍, നിര്‍മാണം പൂര്‍ത്തിയാക്കുന്ന സമയം, ഉടമസ്ഥന് കൈമാറ്റം ചെയ്യുന്ന സമയം എന്നിവ കൃത്യമായി സര്‍ട്ടിഫൈ ചെയ്തു നല്‍കണം. കെട്ടിടം സമയബന്ധിതമായി തീര്‍ത്തു നല്‍കിയില്ലെങ്കില്‍, വൈകുന്ന ഓരോ മാസവും 9 ശതമാനം വരെ പിഴ ഉപോഭാക്താവിന് നല്‍കണം.

കോവിഡ് പശ്ചാത്തലത്തില്‍ രജിസ്ട്രേഷനുള്ള കാലാവധി രണ്ടു തവണ നീട്ടി നല്‍കിയിക.ഡിസംബര്‍ 31 ന് ശേഷവും രജിസ്റ്റര്‍ ചെയ്യാത്ത പ്രോജക്ടുകള്‍ക്കാണ് നിര്‍മ്മാണ ചെലവിന്‍റെ 10 ശതമാനം വരെ പിഴ ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി റെറ ഉത്തരവിറക്കിയിരിക്കുന്നത്.

റെറയുെട വെബ്പോര്‍ട്ടല്‍ ഈ മാസംഅവസാനത്തോടെ പൂര്‍ണ സജ്ജമാകും. രജിസ്റ്റര്‍ ചെയ്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വെബ്സൈററില്‍ ലഭ്യമാകും. പരാതിയുള്ളവര്‍ക്ക് റെറയെ സമീപിക്കാം. പദ്ധതികളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ റിയല്‍ എസ്റ്റേററ് കമ്പനികള്‍ക്കും, ചതിക്കപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ക്കും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.