പാലക്കാട്: വാളയാർ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സമരം ശക്തമാകുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. രാവിലെ 10 മണിയോടെയാണ് നാട്ടുകാരുടെ നിരാഹാര സമരം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നാളെ ഇതേ ആവശ്യമുന്നയിച്ച് ഏകദിന ഉപവാസം ഇരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുല്ലപ്പള്ളി, പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ടിരുന്നു. ചൊവ്വാഴ്ച ജില്ലയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പുനരന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനാണ് ബിജെപിയുടെയും തീരുമാനം. കേസിൽ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും വീഴ്ച ഉണ്ടായെന്ന് വ്യക്തമാക്കുന്ന വിധിയുടെ വിശദാംശങ്ങൾ പുറത്തു വന്നതോടെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം രാഷ്ട്രീയ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും ശക്തമാക്കിയത്.

Read More: മുല്ലപ്പള്ളി വാളയാറിൽ മരിച്ച പെൺകുട്ടികളുടെ വീട്ടിലേക്ക്, ബിജെപി സത്യഗ്രഹം ഇന്ന് തീരും

വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇരകളുടെ രക്ഷിതാക്കൾക്കോ, സർക്കാരിനോ പോക്സോ കോടതി വിധി ചോദ്യം ചെയ്ത് അപ്പീൽ നൽകാമെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹൈക്കോടതി നടപടി. ഈ സാഹചര്യത്തിൽ പെണ്‍കുട്ടികളുടെ മരണത്തിലെ പാലക്കാട് പോക്സോ കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനാണ് മാതാപിതാക്കളുടെ തീരുമാനം.

Read More: വാളയാർ കേസ്: ഉടൻ സിബിഐ വേണ്ടെന്ന് ഹൈക്കോടതി, അപ്പീൽ നൽകാം

അപ്പിൽ സാധ്യതയെ കുറിച്ച് ഇവർ ഹൈക്കോടതിയിലെ ചില മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിലവിലെ വിധി റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടും. റദ്ദാക്കി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാൽ അതിനെ ഹൈക്കോടതിയിൽ സർക്കാർ എതിർക്കില്ലെന്ന് മുഖ്യമന്ത്രി  ഉറപ്പു നൽകിയതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബുധനാഴ്ചയോടെ  അപ്പീൽ ഫയൽ ചെയ്യാനാണ് മാതാപിതാക്കൾ തയ്യാറെടുക്കുന്നത്.

Read More: 'അവർ ഇരയ്‍ക്കല്ല, വേട്ടക്കാരനൊപ്പം', വാളയാർ കേസിൽ വെളിപ്പെടുത്തലുമായി മുൻ പ്രോസിക്യൂട്ടർ