രാജി നീക്കം ആരോഗ്യ പ്രശ്നം കൊണ്ടാണെന്ന് ബിജെപി നേതൃത്വവും ശ്രീലേഖയും വിശദീകരിക്കും. ഫേസ്ബുക്ക് പേജിലോ വാർഡിലെ വാട്‍സാപ്പ് ഗ്രൂപ്പിലോ ആകും വിശദീകരണം നൽകുക.
തിരുവനന്തപുരം: രാജി പ്രഖ്യാപനം പിൻവലിച്ച ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ചർച്ച നടത്തും. രാജി നീക്കം ആരോഗ്യ പ്രശ്നം കൊണ്ടാണെന്ന് ബിജെപി നേതൃത്വവും ശ്രീലേഖയും വിശദീകരിക്കും. ഫേസ്ബുക്ക് പേജിലോ വാർഡിലെ വാട്‍സാപ്പ് ഗ്രൂപ്പിലോ ആകും വിശദീകരണം നൽകുക. ശ്രീലേഖ രാജി പ്രഖ്യാപനം പിൻവലിച്ചതിന്റെ ആശ്വാസത്തിലാണ് ബിജെപി എങ്കിലും സമാന സാഹചര്യം ആവർത്തിക്കപ്പെടുമോ എന്ന ആശങ്ക നേതൃത്വത്തിന് പൂർണമായും ഒഴിഞ്ഞിട്ടില്ല. രാജിയിൽ നിന്ന് പിന്നോക്കം പോയ ശ്രീലേഖ എന്തു വിശദീകരണം വോട്ടർമാർക്ക് നൽകുമെന്നതിൽ ആകാംക്ഷ തുടരുകയാണ്.
കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതായി വാർഡിന്‍റെ വാട്സ് ആപ് ഗ്രൂപ്പിലിട്ട സന്ദേശം കഴിഞ്ഞ ദിവസമാണ് ശ്രീലേഖ പിൻവലിച്ചത്. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെക്കില്ലെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. പാർട്ടിയോടുള്ള അതൃപ്തിയല്ല ആരോഗ്യ പ്രശ്നങ്ങളാണ് ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിന് കാരണമെന്നാണ് നേതാക്കളുടെ വിശദീകരണം. ഒരു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ശ്രീലേഖ അയഞ്ഞത്. രാജിസന്ദേശം വന്നത് മുതൽ ബി ജെ പി സംസ്ഥാന, ജില്ലാ നേതാക്കൾ നടത്തിയ ഇടപെടലുകളാണ് ഫലം കണ്ടത്. പ്രശ്നങ്ങളും പരാതികളും പരിഹരിക്കാമെന്നാണ് നേതൃത്വം നൽകിയ ഉറപ്പ്. ഇതിന് പിന്നാലെയാണ് വാർഡിന്‍റെ വാട്സ് ആപ് ഗ്രൂ പ്പിലിട്ട രാജി സന്ദേശം ശ്രീലേഖ ഡീലിറ്റ് ചെയ്തത്.
ശ്രീലേഖ ശാരീരിക പ്രശ്നങ്ങളാൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് നേതാക്കൾ വിശദീകരിച്ചിരുന്നു. ആശുപത്രിയിലെത്തി സന്ദർശിക്കുന്ന ഫോട്ടോ, ജനറൽ സെക്രട്ടറി എസ് സുരേഷ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ശാരീരിക അസ്വാസ്ഥ്യം കാരണം ജനപ്രതിനിധിയുടെ ചുമതല നിർവ്വഹിക്കാൻ കഴിയില്ല എന്ന ചിന്തയും ഉത്കണ്ഠയുമാണ് ശ്രീലേഖയ്ക്കെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം. സമാന ചിത്രം പങ്ക് വെച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ, ശ്രീലേഖ ആരോഗ്യസ്ഥിതി വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ചു. രക്തസമ്മർദ്ദം കൂടിയത് അടക്കമുള്ള പ്രശ്നങ്ങളാൽ ഇന്നലെയാണ് ശ്രീലേഖയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ ഡിസ്ചാർജ് ചെയ്തു.

