കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിലും പി ജയരാജൻ പ്രശ്നം പറഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ റിസോർട്ട് വിവാദം സിപിഎമ്മിൽ ഉന്നയിച്ചതും പി ജയരാജനായിരുന്നു.

തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ ഇപി ജയരാജനെ പിന്തുടർന്ന് പി ജയരാജൻ. അനധികൃത സ്വത്ത് സമ്പാദനം അടക്കം എഴുതി നൽകിയ പരാതികളിൽ പാർട്ടി എന്ത് നടപടി എടുത്തെന്ന് കഴിഞ്ഞ സിപിഎം സംസ്ഥാന സമിതിയോഗത്തിലും പി ജയരാജൻ ചോദിച്ചു. പലകാരണങ്ങളാൽ നീണ്ടു പോയെന്നും ഇക്കാര്യം ഗൗരവമായി എടുക്കുമെന്നുമായിരുന്നു എംവി ഗോവിന്ദൻറെ മറുപടി.

2022 നവംബറിലാണ് മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി ഇപി ജയരാജനും കുടുംബത്തിനുമുള്ള ബന്ധവും അനധികൃത സമ്പാദ്യം അടക്കം പരാതിയും പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിക്കുന്നത്. എംവി ഗോവിന്ദൻറെ നേതൃത്വത്തിൽ തെറ്റുതിരുത്തൽ രേഖ ചർച്ച ചെയ്ത സമയത്ത് പി ജയരാജൻ ഇപിക്കെതിരെ കമ്മിറ്റിയിൽ ആഞ്ഞടിച്ചു. പാർട്ടി നിർദ്ദേശപ്രകാരം എഴുതി നൽകിയ പരാതിയിൽ എന്തു നടപടി ഉണ്ടായെന്നാണ് ചോദ്യം. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഇപിയെ മാറ്റിനിർത്തുന്ന കാര്യം റിപ്പോർട്ട് ചെയ്ത സംസ്ഥാന സമിതി യോഗത്തിലും ഇക്കാര്യത്തിലെന്ത് നടപടി ഉണ്ടായി എന്ന് പി ജയരാജൻ ചോദിച്ചിരുന്നു. കെട്ടടങ്ങിയെന്ന് തോന്നിയ ആരോപണങ്ങളാണ് കൃത്യമായ ഇടവേളകളിൽ പി ജയരാജൻ പാർട്ടി നേതൃത്വത്തെ ഓർമ്മിപ്പിച്ചുകൊണ്ടേ ഇരിക്കുന്നത്. എഴുതി നൽകിയ പരാതിയിൽ എന്ത് നടപടി എന്ന് ഇക്കഴിഞ്ഞ സംസ്ഥാന സമിതിയിലും ജയരാജൻ ചോദിച്ചു.

കണ്ണൂരിലെ രണ്ട് പ്രബല നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലെന്നതിന് അപ്പുറം ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻറെയും നിലപാടുകൾ കൂടി ചർച്ചയാകും. വിവാദം മാധ്യമ സൃഷ്ടി മാത്രമെന്നായിരുന്നു തുടക്കത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തിൻറെ ആരോപണം. എന്നാൽ രാഷ്ട്രീയമായി തേജോവധം ചെയ്യുകയാണെന്ന് ഇപി ജയരാജൻ പരസ്യമായി പ്രതികരിച്ചതോടെ റിസോർട്ട് വിവാദം പാർട്ടി വിശദീകരണം വെറും വാദമായി.

YouTube video player