ചിന്താ ജെറോം കുടുംബ സുഹൃത്ത്, വാടക നൽകിയാണ് താമസിച്ചതെന്ന് റിസോർട്ട് ഉടമയുടെ വിശദീകരണം
സ്ഥാപനം നിശ്ചയിച്ച വാടക നൽകിയാണ് ചിന്ത താമസിച്ചത്. ചിന്തയുടെ അമ്മയെ ചികിത്സിക്കുന്നത് തന്റെ ഭാര്യയെന്നും ഹോട്ടൽ ഉടമ

കൊല്ലം : ചിന്താ ജെറോം റിസോർട്ട് വിവാദത്തിൽ വിശദീകരണവുമായി തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ റിസോർട്ട് ഉടമ. ചിന്ത ജെറോം കുടുംബ സുഹൃത്താണ്. സ്ഥാപനം നിശ്ചയിച്ച വാടക നൽകിയാണ് ചിന്ത താമസിച്ചത്. ചിന്തയുടെ അമ്മയെ ചികിത്സിക്കുന്നത് തന്റെ ഭാര്യയെന്നും ഹോട്ടൽ ഉടമ പറഞ്ഞു. നിയമങ്ങൾ പാലിച്ചാണ് സ്ഥാപനം നടത്തുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്നുമാണ് ഹോട്ടൽ ഉടമയുടെ വിശദീകരണം.
കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നുമാവാശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനും പരാതി നൽകിയിരുന്നു. അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നാണ് ആവശ്യം.
പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടക. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2021-2022 കാലയളവിൽ ഒന്നരക്കൊല്ലത്തോളം ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതായി ചിന്ത സമ്മതിക്കുന്നുണ്ട്.
അമ്മയുടെ ആയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് ഇത്. എന്നാൽ കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോണ്‍ഗ്രസ് പറയുന്നത് പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നൽകിയതെന്നുമാണ് ചിന്ത പറയുന്നത്. ഏതായാലും ഗവേഷണ പ്രബന്ധത്തിലെ വിവാദങ്ങൾക്ക് പിന്നാലെ സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന്റെ പേരിലുണ്ടായ പുതിയ വിവാദം പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.
Read More : 'ചിന്ത ജെറോം ഒന്നേ മുക്കാൽ വര്‍ഷം സ്റ്റാർ ഹോട്ടലിൽ, ചെലവ് 38 ലക്ഷം'; ഇഡിയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
'കൊവിഡ് സമയത്ത് അമ്മയ്ക്ക് സ്ട്രോക്ക് വന്നിരുന്നു. നടക്കാൻ ഉള്ള പ്രയാസം ഉണ്ടായിരുന്നു. അറ്റാച്ച്ഡ് ബാത്റൂം വീട്ടിൽ ഇല്ലായിരുന്നു. അതിനാൽ വീട് പുതുക്കി പണിയേണ്ടി വന്നു. അമ്മയ്ക്ക് ആയുർവേദ ചികിത്സ ആവശ്യമായി വന്നു. അമ്മയെ ചികിത്സിക്കുന്ന ഡോക്ടർ താമസിക്കുന്നതിന്റെ അപാർട്മെന്റിന്റെ താഴെ മുറി എടുക്കുകയായിരുന്നു. മാസ വാടക ഇരുപതിനായിരം രൂപയാണ് നൽകിയത്. കുറച്ചു മാസം തന്റെ കയ്യിൽ നിന്നും കുറച്ചു മാസം അമ്മയുടെ പെന്ഷനിൽ നിന്നുമാണ് പണം നൽകിയത്. റിസോർട്ടുകാർ ഇരുപതിനായിരം രൂപയാണ് പറഞ്ഞത്. ആ തുകയാണ് നൽകിയത്. മാതാപിതാക്കളുടെ പെൻഷൻ ഉണ്ട്'. അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നൽകിയതെന്നും തന്റെ സ്വകര്യ വിവരങ്ങൾ പുറത്തു പറയുന്നതിൽ ദുഃഖമുണ്ടെന്നും ചിന്ത പ്രതികരിച്ചിരുന്നു.
Read More : 'അമ്മയുടെ ചികിത്സക്കായാണ് റിസോർട്ടിൽ താമസിച്ചത്, വീട്ടിൽ അറ്റാച്ച്ഡ് ബാത്ത്റൂമില്ലായിരുന്നു': ചിന്ത ജെറോം