''അരമണിക്കൂറിനുള്ളിൽ തിരികെ വന്നു. ഛർദ്ദിച്ചു കൊണ്ടാണ് വന്നത്. റോഡിലെല്ലാം ഛർദ്ദിക്കുന്നുണ്ടായിരുന്നു. ബൈക്കിൽ കയറാൻ നേരം പിന്നെയും ഛർദ്ദിച്ചു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ വയ്യ, ഛർദ്ദിക്കുന്നു എന്ന് പറഞ്ഞു.''
തിരുവനന്തപുരം: വനിത സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോൾ ഷാരോണിന് അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ലെന്നും അരമണിക്കൂർ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഛർദ്ദിച്ചു കൊണ്ടാണ് ഷാരോൺ പുറത്തിറങ്ങിയതെന്നും സുഹുത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പതിനാലാം തീയതി വെള്ളിയാഴ്ച ഏകദേശം പത്തേകാലോടെയാണ് ഷാരോണിന്റെ ബൈക്കിൽ ഇരുവരും പെൺസുഹൃത്തിന്റെ വീട്ടിലേക്ക് പോയത്. ''പ്രൊജക്റ്റ് മേടിക്കാൻ വരുമോന്ന് ചോദിച്ചാണ് എന്നെയും കൂട്ടി പോയത്. പ്രൊജക്റ്റ് എന്ന് മാത്രമേ അവൻ പറഞ്ഞുള്ളൂ. നീ ഇവിടെ നിൽക്ക് എന്ന് പറഞ്ഞ് വീടിന്റെ അടുത്ത് എന്നെ ഇറക്കി. നോർമലായിട്ട് തന്നെയാണ് അവൻ വീട്ടിലേക്ക് പോയത്. അരമണിക്കൂറിനുള്ളിൽ തിരികെ വന്നു. ഛർദ്ദിച്ചു കൊണ്ടാണ് വന്നത്. റോഡിലെല്ലാം ഛർദ്ദിക്കുന്നുണ്ടായിരുന്നു. ബൈക്കിൽ കയറാൻ നേരം പിന്നെയും ഛർദ്ദിച്ചു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ വയ്യ, ഛർദ്ദിക്കുന്നു എന്ന് പറഞ്ഞു.'' രെജിന്റെ വിശദീകരണമിങ്ങനെ.
''ബൈക്കിൽ പകുതിയെത്തി വീണ്ടും ഛർദ്ദിച്ചപ്പോൾ പച്ച നിറത്തിലായിരുന്നു. എന്താ ഈ കളറെന്ന് ചോദിച്ചപ്പോൾ കഷായം കുടിച്ചു എന്ന് പറഞ്ഞു. അവള് തന്നതാണെന്നും പറഞ്ഞു. എന്തിനുള്ള കഷായമാണ് അവള് തന്നതെന്ന് ഞാൻ ചോദിച്ചു. ഞാൻ പറയാം, നീ പോയ്ക്കോ എന്ന് പറഞ്ഞു. അവന് പറയാൻ പോലും വയ്യായിരുന്നു. ജ്യൂസ് കുടിച്ച കാര്യം എന്നോട് പറഞ്ഞില്ല. അന്ന് വൈകുന്നേരം മെസ്സേജ് അയച്ച് ചോദിച്ചപ്പോള്‍ ഛർദ്ദി കുറവുണ്ട്, ഹോസ്പിറ്റലിൽ പോയി എന്നും അവൻ പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷമാണ് അവൻ ഐസിയുവിലാണെന്ന് ഞാൻ അറിഞ്ഞത്.'' രെജിൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ മൂന്നാംവര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോൺ സുഹൃത്ത് റെജിനൊപ്പം തമിഴ്‍നാട്ടിലെ രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോണ്‍ ഛർദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിൻ പറയുന്ന്. കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച മരിച്ചു. മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഷാരോണിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ ശേഷം കാമുകി ഷാരോണിനും ഷാരോണിന്‍റെ ബന്ധുവിനും അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളിലും കഷായവും ജ്യൂസും നൽകിയെന്ന കാര്യം വ്യക്തം. മരുന്ന് വാങ്ങി കഴിച്ചാൽ ഛര്‍ദ്ദി മാറുമെന്നും ഛര്‍ദിയിലെ നിറവ്യത്യാസം കഷായത്തിന്‍റേതാണെന്നുമാണ് സന്ദേശം. ബുദ്ധിമുട്ടുണ്ടായതിൽ ക്ഷാമപണവുമുണ്ട്. എന്നാൽ മജിസ്ട്രേറ്റിന് ഷാരോൺ നൽകിയ മൊഴിയിൽ ദുരൂഹമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

