തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങളോട് 15ന് മുമ്പ്  അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് ഉടന്‍ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിനകത്ത് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആഭ്യന്തര വിമാനസര്‍വീസ് അനുവദിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. അതുപോലെ സംസ്ഥാനത്തിനകത്ത് പാസഞ്ചര്‍ ട്രെയിന് അനുവദിക്കണം. കര്‍ശന സുരക്ഷാ വ്യവസ്ഥയോടെ മെട്രോ സര്‍വീസ് അനുവദിക്കുക, മുംബൈ, അഹമ്മദാബാദ്, ദില്ലി, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍നിന്ന് സംസ്ഥാനത്തേക്ക് നോണ്‍ സ്‌റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജില്ലക്കകത്ത് ബസ് സര്‍വീസ് അനുവദിക്കാം. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കര്‍ശന നിയന്ത്രണത്തോടെയായിരിക്കണം ബസ് സര്‍വീസ്. അതേസമയം, ജില്ല വിട്ടുള്ള സര്‍വീസിന് സമയമായിട്ടില്ല. സുരക്ഷാ മാനദണ്ഡം ലംഘിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കും. യാത്രക്കാരുടെ എണ്ണം കുറവാകുമെന്നതിനാല്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് വേണ്ടി വരും. വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ഗ്രാമ നഗരങ്ങള്‍ വ്യത്യാസമില്ലാതെ ആരംഭിക്കണം. ശാരീരിക അകലം പാലിച്ച് റസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കാം. ഹോസ്പിറ്റാലിറ്റി മേഖലയും തുറക്കാം.

കര്‍ശന നിയന്ത്രണത്തോടെ ഓട്ടോ ടാക്‌സി ആരംഭിക്കാം.  യാത്രക്കാരന്റെ എണ്ണം ഒന്നായി നിജപ്പെടുത്തണം. അതേസമയം, യാത്ര ചെയ്യുന്നത് കുടുംബാംഗങ്ങളാണെങ്കില്‍ ഇളവ് അനുവദിക്കാം. മഴക്കാലത്തിന് മുമ്പ് നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കണം. തൊഴിലുറപ്പ് കാര്‍ഷിക വൃത്തിക്ക് ബാധകമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.