ചിന്നക്കനാൽ വില്ലേജിൽ വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമിരുന്ന ഏക്കറ് കണക്കിന് ഭൂമിയാണ് വർഷങ്ങളായി കയ്യേറ്റക്കാരുടെ കൈവശമുള്ളത്. 

ഇടുക്കി: ചിന്നക്കനാലിൽ (Chinnakanal) കയ്യേറ്റക്കാരുടെ കൈവശമുള്ള സർക്കാർ ഭൂമി തിരിച്ച് പിടിക്കുന്നതിനുള്ള നടപടികൾ റവന്യൂ വകുപ്പ് (Revenue Department) ഊർജ്ജിതമാക്കി. കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് കോടതിയെ സമീപിച്ചു. ചിന്നക്കനാൽ വില്ലേജിൽ വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമിരുന്ന ഏക്കറ് കണക്കിന് ഭൂമിയാണ് വർഷങ്ങളായി കയ്യേറ്റക്കാരുടെ കൈവശമുള്ളത്. 

കയ്യേറ്റക്കാർ കോടതിയെ സമീപിച്ചതിനാൽ ഇവ ഒഴിപ്പിച്ചെടുക്കാൻ റവന്യൂ വകുപ്പിന് കഴിയുന്നില്ല. അഞ്ച് കേസുകളാണ് ഹൈക്കോടതിയില്‍ മാത്രം നിലനില്‍ക്കുന്നത്. ജില്ലാ കളക്ടർ തീര്‍പ്പാക്കേണ്ട നാലു കേസുകളും ദേവികുളം സബ് കളക്ടറുടെ തീര്‍പ്പ് കൽപ്പിക്കേണ്ട മൂന്ന് കേസുകളുമുണ്ട്. ഇതെല്ലാം വേഗത്തിൽ തീര്‍പ്പാക്കി ഭൂമി ഏറ്റെടുക്കാനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം.

ഇതോടെ പല വൻകിട കയ്യേറ്റങ്ങളും ഒഴിപ്പിക്കാമെന്നാണ് റവന്യൂ വകുപ്പിന്‍റെ കണക്കൂ കൂട്ടൽ. ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് കോളനിയിൽ ആദിവാസികൾക്ക് നൽകിയ ഭൂമി വന്യമൃഗ ശല്യം കാരണം ഭൂരിഭാഗം പേരും ഉപേക്ഷിച്ചു പോയി. ഈ പ്ലോട്ടുകൾ ആദിവാസി പുനരധിവാസ മിഷനുമായി ചേര്‍ന്ന് ഏറ്റെടുക്കും. സ്ഥലമേറ്റെടുക്കാൻ നടപടി തുടങ്ങിയതോടെ ഭൂമി പാട്ടത്തിനെടുത്ത രേഖകളുമായി വൻകിടക്കാർ റവന്യൂ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമി വീണ്ടും അര്‍ഹരായ ആദിവാസികള്‍ക്ക് തന്നെ വിതരണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.