തിരുവനന്തപുരം ലാൻഡ് റവന്യു ഓഫിസിലെ ക്ലാർക്ക് ആണ് പിടിയിലായത്. വ്യാജരേഖ നിർമിക്കാൻ ക്ലാർക്ക് സഹായിച്ചുവെന്ന് അബുവിന്‍റെ മൊഴി.
ചൂർണിക്കര വ്യാജരേഖ കേസില്‍ റവന്യു ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. തിരുവനന്തപുരം ലാൻഡ് റവന്യു ഓഫിസിലെ ക്ലാർക്ക് അരുണ്‍ ആണ് പിടിയിലായത്. കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ അബു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജരേഖയുണ്ടാക്കുന്നതിന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന് അബു പൊലീസിന് മൊഴി നൽകിയത്.
അതേസമയം, അബുവിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചുവെന്ന് അന്വേഷണ സംഘം അറിയിച്ചു. അബുവിൽ നിന്നും നിരവധി പ്രമാണങ്ങൾ പിടിച്ചെടുത്തു. ആലുവയിലും പരിസരത്തും വ്യാജ ഉത്തരവുകൾ ഉപയോഗിച്ചു ഭൂമി ഇടപാട് നടത്തിയെന്ന് തെളിയിക്കുന്ന രേഖകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അബുവിനെ വിജിലൻസും ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ കൂടുതൽ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റും ഉടനുണ്ടായേക്കും.
ചൂർണിക്കരയിൽ വ്യാജരേഖയുണ്ടാക്കി ഭൂമി തരം മാറ്റിയത് ഇടനിലക്കാരൻ അബുവാണെന്ന് ഭൂവുടമ ഹംസ നേരത്തേ തന്നെ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിന് തൊട്ടുപിറകെയാണ് കാലടി ശ്രീഭൂതപുരം സ്വദേശി അബു ഒളിവിൽ പോയത്. ആലുവ റൂറൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്ന് രാവിലെയാണ് അബു പൊലീസ് പിടിയിലായത്.
ഭൂമി തരം മാറ്റുന്നതിന് വേണ്ടി വ്യാജരേഖയുണ്ടാക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് 7 ലക്ഷം രൂപ അബു നൽകിയെന്ന് ഭൂവുടമ ഹംസ പൊലീസിന് നേരത്തേ മൊഴി നൽകിയിരുന്നു. വ്യാജരേഖയുണ്ടാക്കാൻ അബുവിൽ നിന്ന് ഏതൊക്കെ ഉദ്യോഗസ്ഥർ പണം കൈപ്പറ്റി, ഉദ്യോഗസ്ഥർ എന്തൊക്കെ സഹായം അബുവിന് ചെയ്തുകൊടുത്തു തുടങ്ങിയ കാര്യങ്ങൾ പൊലീസ് വിശദമായി ചോദിച്ചറിയുകയാണ്.
വില്ലേജ് ഓഫീസ് മുതൽ ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസ് വരെയുള്ള തലങ്ങളിൽ വ്യാജരേഖയുണ്ടാക്കിയെന്ന് ഫോർട്ട്കൊച്ചി സബ് കളക്ടറും കണ്ടെത്തിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് അബുവിനെ വിശദമായി ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം ചൂർണിക്കരയിലെ ഭൂമി അല്ലാതെ മറ്റ് ഏതൊക്കെ ഭൂമിയിടപാടുകൾ അബു നടത്തി എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചൂർണിക്കര വ്യാജരേഖ കേസിൽ വിജിലൻസിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്.
