Asianet News MalayalamAsianet News Malayalam

കോഴിക്കോട് ആശങ്കയുടെ ദിനങ്ങൾ; രോഗലക്ഷണം ഇല്ലാത്ത നാല് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

അപ്രതീക്ഷിതമായി നാല് പേർക്കും രോഗം സ്ഥിരീകരിച്ചത് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്

Risk rises in Kozhikode as four attended tablig conference confirmed covid without symptoms
Author
Kozhikode, First Published Apr 5, 2020, 6:21 PM IST

കോഴിക്കോട്: കാസർകോടിന് പിന്നാലെ കോഴിക്കോടും ആശങ്കയേറുന്നു. ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച നാല് പേർക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ല. ഇവർ നാല് പേരും നിസാമുദ്ദീനിലെ മർകസിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. നിസാമുദ്ദീനിൽ നിന്ന് വന്നവരായത് കൊണ്ടാണ് പ്രത്യേക താത്പര്യമെടുത്ത് ഇവരുടെ സാമ്പിളുകൾ കൂടി പരിശോധിച്ചത്.

എന്നാൽ അപ്രതീക്ഷിതമായി നാല് പേർക്കും രോഗം സ്ഥിരീകരിച്ചത് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതോടെ കോഴിക്കോട് ജില്ലയിൽ കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച നിസാമുദ്ദീനിൽ പോയി മടങ്ങിയെത്തിയ നാല് പേരുമായും ബന്ധപ്പെട്ടവരുടെ മുഴുവൻ പേരുടെയും സാമ്പിളുകൾ പരിശോധിക്കും.

ദുബൈയിൽ നിന്ന് വന്ന മറ്റൊരാൾക്കും ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ പത്തനംതിട്ട, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ നിന്നുള്ളവരാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ദില്ലിയില്‍ നിന്ന് വന്നതാണ്. കണ്ണൂര്‍, കാസർകോട് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനില്‍ നിന്നും വന്ന പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആറ് പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും നാല് പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

ലോകത്തെ 207 രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,221 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,300 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Follow Us:
Download App:
  • android
  • ios