Asianet News MalayalamAsianet News Malayalam

വടകരയിൽ മാത്രമല്ല,  തൃശൂരിലും ആര്‍എംപിഐ യുഡിഎഫിനൊപ്പം, ലക്ഷ്യം മുരളീധരന്റെ ജ‌യം

ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടഭ്യര്‍ഥിച്ചു.

RMPI support UDF in Thrissur
Author
First Published Apr 11, 2024, 12:08 AM IST

തൃശൂര്‍: വടകര മാതൃക തന്നെ തൃശൂരിലും പിന്തുടരാന്‍ ആര്‍എംപിഐ തീരുമാനം. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ലോക്‌സഭാ  തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ഭരണമാറ്റത്തിനായി പ്രവര്‍ത്തിക്കലാണ് പ്രധാനമെന്ന് ആര്‍എംപിഐ വ്യക്തമാക്കി. ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടഭ്യര്‍ഥിച്ചു. തളിക്കുളത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംസ്ഥാന പ്രസിഡന്റ് ടി.എല്‍.  സന്തോഷ് ഉദ്ഘാടനം ചെയ്തു. ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ വഞ്ചനയാണ്. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും പാചകവാതകവും പെട്രോളും ഡീസലും വില പലമടങ്ങു കൂടി. കള്ളപ്പണം പിടിക്കുമെന്നു നുണ പറഞ്ഞു. നോട്ടു നിരോധനം വഴി സ്വന്തം പണം ചെലവഴിക്കാനനുവദിക്കാതെ ജനങ്ങളെ പട്ടിണിയിലാക്കി, തെരുവില്‍ നിര്‍ത്തിയെന്ന് സന്തോഷ് പറഞ്ഞു. 

അഴിമതിക്കും കൈകൂലിക്കും നിയമവ്യവസ്ഥ തന്നെയുണ്ടാക്കിയ ഇലക്ടറല്‍ ബോണ്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഓഫീസും കുടുംബവും തുടര്‍ച്ചയായി അഴിമതിക്കേസുകളില്‍ കുടുങ്ങുന്ന സാഹചര്യം ഇടതുപക്ഷത്തിനാകെ അപമാനകരമാണ്. രാഷ്ട്രീയ നിലപാടിന്റെ പേരില്‍ എട്ടു പേരെ വ്യാജ ഏറ്റുമുട്ടല്‍ നടത്തി വെടിവച്ചു കൊന്ന, യുഎപിഎ ചുമത്തി നിരപരാധികളായ വിദ്യാര്‍ഥികളെ തടവിലിടുന്ന, പ്രതിഷേധ സമരങ്ങളെ മര്‍ദ്ദിച്ചൊതുക്കുന്നത് ജീവന്‍രക്ഷാപ്രവര്‍ത്തനമാവുന്ന ഒരു ഭരണത്തെ ഇടതുപക്ഷമെന്നു വിശേഷിപ്പിക്കാനാവില്ലെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.

രഞ്ജിത്ത് പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ആര്‍എംപിഐ ജില്ലാ സെക്രട്ടറി പി.ജെ. മോണ്‍സി, പ്രസിഡന്റ് അഡ്വ. വി.എം. ഭഗവത് സിങ്, മേഖല പ്രസിഡന്റ് ടി.എ. പ്രേംദാസ്, സെക്രട്ടറി കെ.എസ്. ബിനോജ്, ലോക്കല്‍ സെക്രട്ടറി പി.പി. പ്രിയരാജ് എന്നിവര്‍ സംസാരിച്ചു.

Follow Us:
Download App:
  • android
  • ios