കൊച്ചി: പെരുമഴയ്ക്ക് പിന്നാലെ കൊച്ചി നഗരത്തിലെ റോഡുകൾ മിക്കതും പൊട്ടിപൊളിഞ്ഞതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കോട്ടയം ഭാഗത്തേക്ക് പോകുന്ന തൃപ്പൂണിത്തുറയിലെ പേട്ട പാലത്തിലൂടെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞത് യാത്രക്കാരെ ഏറെ വലയ്ക്കുന്നു. യാത്ര ദുസ്സഹമായതോടെ മണിക്കൂറുകളാണ് വാഹനങ്ങൾ ഇവിടെ കുടുങ്ങികിടക്കുന്നത്. 

കൊച്ചിയിൽ നിന്ന് കോട്ടയത്തേക്ക് ഏറ്റവും കൂടുതൽ വാഹനങ്ങൾ പോകുന്നത് പേട്ട പാലത്തിലൂടെയാണ്. വീതി കുറഞ്ഞ പാലം പൊട്ടിപൊളിഞ്ഞതോടെ രൂക്ഷമായ ഗതാഗത കുരുക്കിൽപ്പെട്ട് വലയുകയാണ് ജനങ്ങൾ. ചന്പക്കര മുതൽ എസ് എന്‍ ജംഗ്ഷൻ വരെയുള്ള 3 കി മീ ദൂരം താണ്ടാൻ മണിക്കൂറുകൾ വേണം. 

പൊതുമരാമത്ത് വകുപ്പ് പാലം കെഎംആർഎല്ലിന് കൈമാറിയിരുന്നു. ഇവിടെ നാല് വരിയുള്ള പുതിയ പാലം പണിയുമെന്ന് കെഎംആർ‍എൽ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ നടപടി ഒന്നുമായില്ല. താല്‍ക്കാലിക പരിഹാരമായി പാലത്തിന്‍റെ അറ്റകുറ്റപണി ഉടൻ നടത്തുമെന്ന് കെഎംആർഎൽ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെങ്കിലും എന്ന് നടപ്പാകുമെന്ന് ആർക്കുമറിയില്ല.