Asianet News MalayalamAsianet News Malayalam

റോഡിലെ കേബിളുകൾ അപ്രത്യക്ഷമാകും, മഴയെത്തും മുമ്പേ എല്ലാം സ്മാർട്ടാകും; തലസ്ഥാന റോഡ് പണി അന്തിമ ഘട്ടത്തിലേക്ക്

അതെല്ലാം പ്രത്യേക ഡക്ടുകളിലൂടെ കടന്നുപോകുന്ന സ്മാര്‍ട്ട് റോഡ് പദ്ധതി നഗരത്തില്‍ പുരോഗമിക്കുകയാണ്. 12 റോഡുകളാണ് ഇതിനായി തെരഞ്ഞെടുത്തത്.  

Road cables will disappear everything will be smart before the rain arrives Capital road work in final stage
Author
First Published Mar 27, 2024, 7:29 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡരികിലെ പോസ്റ്റുകളിലെയും തൂണുകളിലെയും കേബിളുകള്‍ ഇനി അപ്രത്യക്ഷമാകും. ഹൈടെന്‍ഷനോ ലോടെന്‍ഷനോ, ഏത് വൈദ്യുതിലൈന്‍ ആയാലും ഇവയിനി റോഡിനടിയിലൂടെയാണ് കടന്നുപോവുക. കേബിളുകള്‍ മാത്രമല്ല, കുടിവെള്ളത്തിനോ സ്വീവറേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കേണ്ടിയും വരില്ലെന്നതുമാണ് പ്രത്യേകത.

അതെല്ലാം പ്രത്യേക ഡക്ടുകളിലൂടെ കടന്നുപോകുന്ന സ്മാര്‍ട്ട് റോഡ് പദ്ധതി നഗരത്തില്‍ പുരോഗമിക്കുകയാണ്. 12 റോഡുകളാണ് ഇതിനായി തെരഞ്ഞെടുത്തത്. 2 റോഡുകള്‍ സ്മാര്‍ട്ടായി,  2 റോഡുകള്‍ ഉപരിതലം നവീകരിച്ചു. 8 റോഡുകള്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേരിട്ടുള്ള ഇടപെടലിലും മേല്‍നോട്ടത്തിലുമാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.

നഗരത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നത്. റോഡുകള്‍ സ്മാര്‍ട്ടാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനം ഇടക്ക് ആരംഭിച്ചിരുന്നു. എന്നാല്‍ കരാറുകാരന്റെ അലംഭാവത്തെ തുടര്‍ന്ന് മുടങ്ങി. പലറോഡുകളിലും ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. ഈ ഘട്ടത്തില്‍ ഇടപെട്ട മന്ത്രി  മുഹമ്മദ് റിയാസ്  കരാറുകാര്‍ക്കെതിരെ കര്‍ശനനടപടിക്ക് നിര്‍ദ്ദേശം നല്‍കി.

കരാറുകാരനെ റിസ്ക്ക് ആന്റ് കോസ്റ്റില്‍ ടെര്‍മിനേറ്റ് ചെയ്തു. കരാറുകാരന് ലഭിക്കേണ്ടിയിരുന്ന 15 കോടി രൂപ ഈടാക്കുകയും ചെയ്തു. തുടര്‍ന്ന് ഓരോ റോഡിനും ഓരോ പ്രവൃത്തി എന്നരീതിയില്‍ ക്രമീകരിച്ചാണ് പുനരാരംഭിച്ചത്.  ആദ്യഘട്ടമായി മാനവീയം വീഥി, കലാഭവന്‍ മണി റോഡ് എന്നിവ പൂര്‍ണ്ണതോതില്‍ സ്മാര്‍ട്ട് റോഡാക്കി മാറ്റി. മഴകൂടി മുന്നില്‍ കണ്ട് മഴക്ക് മുന്‍പ് പ്രവൃത്തി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ റോഡുകളിലും ഒന്നിച്ച് പ്രവൃത്തി ആരംഭിച്ചു. റോഡുകളില്‍ വലിയ ഡക്ടുകള്‍ എടുക്കേണ്ടിവന്നതിനാല്‍  അടച്ചിടുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്താണ് പ്രവൃത്തി പുരോഗതിയിലേക്ക് എത്തിച്ചത്. 

ജലഅതോറിറ്റി  പൈപ്പുകള്‍ അടിക്കടി പൊട്ടിയതും സ്വീവറേജ് ലൈനിലെ ചോര്‍ച്ചയും റോഡുകളിലെ പ്രവൃത്തികളില്‍ വില്ലനായി. എങ്കിലും  സെക്രട്ടറി തലത്തില്‍ പ്രത്യേകം കമ്മിറ്റി രൂപീകരിച്ചും ഏകോപനം സാധ്യമാക്കി ജോലികൾ മുന്നോട്ടുപോവുകയാണ്. മിക്ക റോഡുകളിലും ഡക്ട് പ്രവൃത്തി പൂര്‍ത്തിയാവുകയാണ്. കേബിളുകള്‍ ഡക്ടിലൂടെ മാറ്റുന്ന പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. പൂര്‍ത്തിയായ ഇടങ്ങളില്‍ റോഡ് ഫോര്‍മേഷനും നടക്കുകയാണ്.

പ്രവൃത്തി പൂര്‍ത്തീകരണം വിലയിരുത്താന്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക ദൗത്യസംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. റോഡുകളില്‍  നിരന്തരമെത്തി പ്രവൃത്തിയുടെ പൂര്‍ത്തീകരണം ഈ സംഘം വിലയിരുത്തുകയാണ്. ഇതോടൊപ്പം 25 റോഡുകള്‍ മികച്ചനിലയില്‍ ഉപരിതല നവീകരണം നടത്തുകയും ചെയ്തു. മഴക്കാലം എത്തും മുന്‍പെ തലസ്ഥാനത്തിന് സ്മാര്‍ട്ട് റോഡുകളിലൂടെ യാത്ര ചെയ്യാനാകുമെന്നും മന്ത്രിയുടെ ഓഫീസ് വാർത്താ കുറിപ്പിൽ അറിയിച്ചു.

അടച്ച റോഡ് ഏത്? തുറന്ന റോഡ് ഏത്? ഇന്ന് തുറന്നിരിക്കുന്ന റോഡ് നാളെയില്ല; തലസ്ഥാനവാസികൾക്ക് 'സ്മാർട്ട്' പരീക്ഷണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios