റോഡിന് താഴെയുള്ള മണ്ണിന്‍റെ പ്രശ്നമാണ് പ്രാഥമിക നിഗമനമെന്നും വിശദമായി പഠിച്ചശേഷം ദേശീയ പാത അതോറിറ്റിക്ക് റിപ്പോര്‍ട്ട് നൽകുമെന്നും വിദഗ്ധ സംഘം അറിയിച്ചു.
മലപ്പുറം: ദേശീയപാത 66ൽ നിര്‍മാണം നടക്കുന്ന കൂരിയാട് ഭാഗത്ത് റോഡ് ഇടിഞ്ഞ സംഭവത്തിൽ സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം. സിമന്‍റ് കട്ട കൊണ്ടുള്ള സംരക്ഷണ ഭിത്തി നിര്‍മിച്ചതിൽ അസ്വഭാവികതയില്ലെന്നും റോഡിന് താഴെയുള്ള മണ്ണിന്‍റെ പ്രശ്നമാണ് പ്രാഥമിക നിഗമനമെന്നും വിശദമായി പഠിച്ചശേഷം ദേശീയ പാത അതോറിറ്റിക്ക് റിപ്പോര്‍ട്ട് നൽകുമെന്നും വിദഗ്ധ സംഘം അറിയിച്ചു.
ഡോ. അനിൽ ദീക്ഷിത് ( ജയ്പൂർ ), ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരടങ്ങിയ വിദഗ്ദ സംഘമാണ് സ്ഥലത്തെത്തിയത്. ഇവർ തയ്യാറാക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർ നടപടികളുണ്ടാകുക. തകര്‍ന്ന ദേശീയപാതയുടെ മുകള്‍ ഭാഗവും സര്‍വീസ് റോഡുമടക്കം പരിശോധിച്ചു. താഴത്തെ ഭാഗം പരിശോധിക്കാതെ സംഘം മടങ്ങിയതിൽ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരിച്ചെത്തിയ സംഘം സര്‍വീസ് റോഡ് അടക്കം പരിശോധിച്ചു.
എല്ലാ കാര്യങ്ങളും പഠിച്ച് ദേശീയ പാത അതോറിറ്റിക്ക് വൈകാതെ റിപ്പോർട്ട് നൽകുമെന്നും ഇത്രയും നീളത്തിൽ സിമന്‍റ് കട്ട കൊണ്ട് സംരക്ഷണഭിത്തി കെട്ടിയതിൽ അസ്വഭാവികതയില്ലെന്നും പലയിടത്തും ഇത്തരത്തിൽ നിർമ്മിച്ചിട്ടുണ്ടെന്നും വിദഗ്ധ സംഘത്തിലെ ഉദ്യോഗസ്ഥൻ ജിമ്മി തോമസ് പറഞ്ഞു. റോഡിന് താഴെയുള്ള മണ്ണുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് വിദഗ്‌ധ സംഘത്തിന്‍റെ പ്രാഥമിക നിഗമനം.
അപകടത്തിന്‍റെ കാരണം വിശദമായി പഠിച്ചതിനുശേഷമേ പറയാനാകൂ. റോഡിന്‍റെ ഡിസൈൻ ഉള്‍പ്പെടെ എല്ലാ റിപ്പോർട്ടുകളും പഠിക്കണം. മണ്ണുമായി ബന്ധപ്പെട്ട പ്രശ്നമാകാം. ദേശീയ പാത നിർമ്മാണത്തിൽ സിമന്റ് കട്ട എല്ലാ സ്ഥലങ്ങളിലും ഉപയോഗിക്കുന്നതാണ്. കരാർ കമ്പനിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വിശദമായി പഠിച്ചതിനു ശേഷം എൻഎച്ച്‌ഐ ക്ക് റിപ്പോർട്ട് കൈമാറുമെന്നും ജിമ്മി തോമസ് പറഞ്ഞു.



